മൂന്നാർ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ അതിഭീകരമായ തീപിടുത്തത്തിൽ ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം. വന്യമൃഗശല്യം പ്രതിരോധിക്കാൻ മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ച സോളർ വേലിയുടെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയത്.
ബുധനാഴ്ച വൈകിട്ട് 5.30ഓടെയാണ് പ്ലാന്റിന് മുൻവശത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ചത്. ഉണങ്ങിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങളായതിനാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ തീ ആളിപ്പടരുകയായിരുന്നു. പ്ലാന്റിന് പുറത്തെ പ്ലാസ്റ്റിക് കൂനയിൽ നിന്നും പടർന്ന തീ പ്രധാന കെട്ടിടത്തിലേക്ക് കൂടി വ്യാപിച്ചതോടെയാണ് നാശനഷ്ടത്തിന്റെ വ്യാപ്തി വർദ്ധിച്ചത്. സംഭവസമയത്ത് പ്ലാന്റിലുണ്ടായിരുന്ന ഏക കാവൽക്കാരൻ പുക ഉയരുന്നത് കണ്ട് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
തീപിടുത്തത്തിൽ പ്ലാന്റിലെ പ്രധാന കെട്ടിടത്തിന്റെ പകുതി ഭാഗവും പൂർണ്ണമായും നശിച്ചു. പ്ലാസ്റ്റിക് വേർതിരിച്ച് കട്ടകളാക്കുന്ന വിലപിടിപ്പുള്ള ബെയ്ൽ പ്രസ് മെഷീൻ, മാലിന്യങ്ങൾ നീക്കുന്നതിനുള്ള കൺവെയർ ബെൽറ്റ് എന്നിവയുൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ കത്തിയമർന്നു. ഏകദേശം ഒരു കോടി രൂപയിലധികം മൂല്യം വരുന്ന സാങ്കേതിക സംവിധാനങ്ങളാണ് ഇതോടെ ഉപയോഗശൂന്യമായത്.
തീപിടുത്തവിവരമറിഞ്ഞ് മൂന്നാർ, അടിമാലി, രാജാക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. ഏകദേശം എട്ടു മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. വൻതോതിൽ പ്ലാസ്റ്റിക് കത്തിയതിനാൽ പ്രദേശമാകെ കറുത്ത പുകയാൽ മൂടപ്പെട്ടു.
















