ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം രാജഗിരിയിൽ നിന്ന് ഇ-കൊമേഴ്സ് സ്ഥാപനത്തിലെ ട്രെയിനറെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ജയചന്ദ്രൻ എന്ന യുവാവിനെയാണ് ഞായറാഴ്ച പുലർച്ചെയോടെ ഒരു സംഘം ഇന്നോവ കാറിലെത്തി തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ മുരിക്കാശ്ശേരി പോലീസ് അന്വേഷണം ഊർജിതമാക്കി.
മലപ്പുറം സ്വദേശികളായ അഞ്ചംഗ സംഘത്തോടൊപ്പമാണ് ജയചന്ദ്രൻ മുരിക്കാശ്ശേരി രാജഗിരിയിൽ താമസിച്ച് വന്നിരുന്നത്. പ്രദേശത്തെ ഒരു ഇ-കൊമേഴ്സ് സ്ഥാപനത്തിൽ ജീവനക്കാർക്ക് പരിശീലനം നൽകുകയായിരുന്നു ഇവർ. ഞായറാഴ്ച രാവിലെ ജയചന്ദ്രനും മറ്റ് രണ്ട് സുഹൃത്തുക്കളും കൂടി നടന്നുപോകുന്നതിനിടെയാണ് വഴിയിൽ കാത്തുനിന്ന സംഘം ആക്രമണം അഴിച്ചുവിട്ടത്. സുഹൃത്തുക്കളെ തടഞ്ഞുനിർത്തിയ ശേഷം ജയചന്ദ്രനെ ബലമായി വാഹനത്തിൽ കയറ്റി സംഘം അതിവേഗം കടന്നുകളയുകയായിരുന്നു.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ജയചന്ദ്രന് അവിടെ ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. ഈ തർക്കങ്ങളാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
















