പാലക്കാട് ജില്ലയിലെ പള്ളിപ്പുറത്തിന് സമീപം ചരക്കുതീവണ്ടി പാളം തെറ്റി. മംഗളൂരുവിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തെത്തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ റെയിൽവേ അധികൃതരും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ട്രെയിനിന്റെ ഒരു ബോഗിയുടെ ചക്രം പാളത്തിന് പുറത്തേക്ക് തള്ളിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പാളം തെറ്റിയ ബോഗികൾ തിരികെ പാളത്തിൽ കയറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കി.
അപകടത്തെത്തുടർന്ന് കോഴിക്കോട് – ഷൊർണൂർ റൂട്ടിലോടുന്ന നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി നിർത്തിയിട്ടു.
















