പാലക്കാട് താപനില റെക്കോർഡുകൾ ഭേദിക്കുന്നതിനിടെ കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. മണ്ണാർക്കാട് കോടതിപ്പടിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കോടതിപ്പടി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുൻവശത്തെ ഗ്ലാസാണ് ഉഗ്രശബ്ദത്തോടെ തകർന്നുവീണത്.
തുടർച്ചയായ ചൂടിൽ ഗ്ലാസ് അമിതമായി ചൂടായതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. പെട്ടെന്നുണ്ടായ പൊട്ടിത്തെറിയിൽ ഓട്ടോറിക്ഷയുടെ പരിസരത്തുണ്ടായിരുന്നവരും യാത്രക്കാരും പരിഭ്രാന്തരായി. ഗ്ലാസ് പൊട്ടിത്തെറിച്ച സമയത്ത് വാഹനത്തിന് സമീപമുണ്ടായിരുന്ന ഡ്രൈവർ ജഷീറിന് പരിക്കേറ്റു. ചില്ല് കഷണങ്ങൾ തെറിച്ചുവീണ് ഇദ്ദേഹത്തിന്റെ കാലിനാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.
















