മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നല്‍കിയത്. സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. യൂത്ത് കോൺഗ്രസ് നേതാവ് വി ആർ അനൂപും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മുസ്ലീം ലീഗിന്‍റേത് വർഗീയത വളർത്തുന്ന രാഷ്ട്രീയമാണെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം. ഇന്നലെയാണ് സജി ചെറിയാൻ പരാമർശം നടത്തിയത്. വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാൻ മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേരുകൾ നോക്കിയാൽ അറിയാനാകുമെന്നും ഇതാർക്കും മനസിലാവില്ലെന്ന് കരുതരുതെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.
കേരളത്തില്‍ മറ്റൊരാളും നടത്താത്ത മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശമാണ് പ്രതിപക്ഷനേതാവ് നടത്തിയത്. ഷാള്‍ പുതപ്പിച്ചെന്ന സതീശന്‍ പരാമര്‍ശം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെയാണോ ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ല. സതീശന്റെ പരാമര്‍ശങ്ങളെ കേരളം തള്ളിക്കളയണം. വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതില്‍ തെറ്റായിട്ടൊന്നും താന്‍ കാണുന്നില്ല. മതസൗഹാര്‍ദത്തെ തകര്‍ത്ത് വോട്ട് വാങ്ങാനുള്ള ശ്രമമാണ് സതീശന്‍ നടത്തിയത്. കേരള ജനതയ്ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സതീശന്‍ മാപ്പ് പറയണമെന്നും സജി ചെറിയാന്‍ പറഞ്ഞു.
ലീഗിന്റെ വര്‍ഗീയ ധ്രുവീകരണം ആര്‍ക്കും മനസിലാവില്ലെന്ന് കരുതരുത്. മുസ്‌ലിം ലീഗ് കേരളത്തിൽ ഒരു വിഭാഗത്തെ വർഗീയമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ലീഗിന്റെ രാഷ്ട്രീയം വർഗീയത വളർത്തുന്നതാണ് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചുവന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഇതാവാൻ പാടുണ്ടോ? കാസർകോട് മുനിസിപ്പാലിറ്റി എടുത്തുനോക്ക്, നിങ്ങളിത് ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുത്. എന്‍എസ്എസ്- എസ്എന്‍ഡിപി സഹകരണം സിപിഎമ്മിന്റെ സോഷ്യല്‍ എഞ്ചിനീയറിങ്ങിന്റെ ഭാഗമല്ലെന്നും സാമുദായിക നേതാക്കളെല്ലാം നല്ല ബോധമുള്ളവരെന്നും മന്ത്രി പറഞ്ഞിരുന്നു.
















