എറണാകുളത്തു മദ്യലഹരിയിൽ ആളുകളോട് മോശമായി പെരുമാറിയതിന് കസ്റ്റഡിയിലെടുത്ത യുവാക്കൾ പൊലീസിനു നേരെ കയ്യേറ്റവും തെറിവിളിയും നടത്തുകയും പൊലീസ് ജീപ്പിന്റെ സൈഡ് ഗ്ലാസ് തല്ലിപൊട്ടിക്കുകയും ചെയ്തു. ഞാറയ്ക്കൽ സ്വദേശി ചിരട്ടപ്പുരയ്ക്കൽ ദേവദാസിനെ (23) തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാജഗിരി കോളജിന്റെ പ്രധാന ഗേറ്റിനു സമീപം മദ്യലഹരിയിൽ ആളുകളോട് മോശമായി പെരുമാറിയതിന് ദേവദാസിനെ ഇൻഫോ പാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു യുവാക്കൾ ആക്രമാസക്തരാകുന്നത്.
യുവാക്കൾ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും രൂക്ഷമായി തെറി വിളിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിന്നീട് ആശുപത്രിയിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ രാത്രി 12.50ന് തൃപ്പൂണിത്തുറ റെയിൽവേ ഓവർബ്രിഡ്ജിനു സമീപം എത്തിയപ്പോൾ പ്രതി വീണ്ടും അക്രമാസക്തനാവുകയും ജീപ്പിന്റെ പിന്നിൽ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് ചവിട്ടിപ്പൊട്ടിക്കുകയുമായിരുന്നു.
പൊലീസിനെ ആക്രമിച്ച കുറ്റത്തിന് ഞായർ രാവിലെ തൃപ്പൂണിത്തുറ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.കൂടാതെ ആക്രമണത്തിൽ 3500 രൂപയുടെ നാശനഷ്ടം ആണ് പോലീസുകാർക്ക് ഉണ്ടായിരിക്കുന്നത്
















