ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന്, കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ദീപകിൻ്റെ കുടുംബാംഗങ്ങളിൽ നിന്നും ആരോപണ വിധേയയായ യുവതിയുടേയും മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടു.
ബസ് യാത്രക്കിടയിലെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതുമൂലമുണ്ടായ മാനസിക ആഘാതമാണ് ദീപക്കിന്‍റെ ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. യുവതി മാത്രമാണ് മരണത്തിന് ഉത്തരവാദി എന്നും, കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി, ജില്ലാ കളക്ടർ സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പോലീസ് വീട്ടിലെത്തി ദീപക്കിൻ്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി ‘ ഇനി ഒരാൾക്കും ഈ അവസ്ഥ വരരുതെന്ന് അച്ഛൻ പറഞ്ഞു.
ആരോപണ വിധേയയായ യുവതിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു , വിഷയം നോർത്ത് സോൺ DIG അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ ഉത്തരവ്. ഞായറാഴ്ച രാവിലെയാണ് ഗോവിന്ദപുരം സ്വദേശിയായ ദീപക്കിനെ വിട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ബസ് യാത്രയ്ക്കിടെ ദീപക് ശരീരത്തിൽ സ്പർശിച്ചുവെന്ന് ആരോപിച്ച് ബസിലെ ദൃശ്യങ്ങളടക്കം യുവതി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
















