മതവും വിശ്വാസവും ഇന്ന് പലർക്കും പണമുണ്ടാക്കാനുള്ള എളുപ്പവഴിയായി മാറിയിരിക്കുന്നു. സാധാരണക്കാരുടെ നിഷ്കളങ്കമായ വിശ്വാസത്തെയും ഭയത്തെയും ചൂഷണം ചെയ്ത് ആഡംബര ജീവിതം നയിക്കുന്ന ഒരുപാട് ‘ആൾദൈവങ്ങൾ’ നമുക്ക് ചുറ്റും ഒരുപാടുണ്ട്. എന്നാൽ, ഈ അന്ധമായ വിശ്വാസം ഒരു ലഹരിയായി തലയ്ക്ക് പിടിച്ചാൽ അത് എത്രത്തോളം ഭീകരമാകുമെന്ന് ചരിത്രം നമുക്ക് കാണിച്ചുതരുന്നു.
അത്തരമൊരു ഭ്രാന്തൻ ചിന്തയുടെ ഇരകളായി 909 മനുഷ്യജീവനുകൾ പൊലിഞ്ഞത് ലോകത്തെ ഇന്നും നടുക്കുന്ന കറുത്ത ഓർമ്മയാണ്. അധികാരത്തിനും പണത്തിനും വേണ്ടി മതം എന്ന ‘വിഷം’ നൽകി സ്വന്തം അനുയായികളെ മരണത്തിലേക്ക് തള്ളിവിട്ട ഈ ക്രൂരത 1978-ൽ ദക്ഷിണ അമേരിക്കയിലെ ഗയാനയിലാണ് അരങ്ങേറിയത്.
1931ല്‍ മെയ് 13 ന് ഇന്ത്യാനയിലെ ക്രീറ്റിലാണ് ജിം ജോണ്‍സൻ്റെ ജനനം. ഒന്നാം ലോക മഹായുദ്ധത്തിലെ സേനാനിയായിരുന്നു ജിമിൻ്റെ മാതാപിതാക്കള്‍. യുദ്ധഭൂമിയില്‍ നിന്ന് രാസായുധത്താല്‍ പരിക്കേറ്റ ജിമിൻ്റെ പിതാവിന് കുടുംബം നോക്കിനടത്താനുള്ള വരുമാനം ഇല്ലാതെ വരുന്നു. സാമ്പത്തിക ബാധ്യതയും വരുമാനമില്ലായ്മയും കടുത്തതോടെ താമസിച്ചുകൊണ്ടിരുന്ന വീട്ടില്‍ നിന്ന് ജിമിൻ്റെ കുടുംബത്തിന് ഒഴിയേണ്ടി വന്നു.
ലിൻ പട്ടണത്തിലേക്ക് പറിച്ചു നടപ്പെട്ട കുടുംബത്തെ പിന്നെയും ദുരന്തങ്ങള്‍ വേട്ടയാടി. ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ കാരണം മാതാപിതാക്കള്‍ക്ക് സ്വന്തം കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ പോലും ശരിയായി നോക്കി നടത്തുവാൻ കഴിയാതായി. തികച്ചും ഒറ്റപ്പെട്ടായിരുന്നു ജിം ജോണ്‍സ് തൻ്റെ ബാല്യകാലം ചിലവഴിച്ചത് സ്കൂളുകളിലും തെരുവുകളിലുമാണ്.
തികഞ്ഞ മത വിശ്വാസികളായിരുന്നു ജിമിൻ്റെ മാതാപിതാക്കള്‍. ഞായറാഴ്ച് തോറുമുള്ള കുറുബാനകള്‍ അവർ മുടക്കിയിരുന്നില്ല. ഒരിക്കല്‍ ഒരു പാസ്റ്ററുടെ ഭാര്യ ജിമിന് ഒരു ബൈബിള്‍ സമ്മാനിക്കുന്നു. ആത്മീയ കാര്യങ്ങള്‍ പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത് ജിമിൻ്റെ ജീവിതത്തെ നല്ലരീതിയില്‍ സ്വാധീനിച്ചു. ജിം തുടർച്ചയായി പള്ളിയില്‍ പോകുവാൻ തുടങ്ങി.
ഒരു സഭയെ നയിക്കുവാനുള്ള നേതൃത്വപാടവം നേടിയെടുത്ത ജിമിനെ തേടി നിരവധി പേര് എത്തുവാൻ തുടങ്ങി. വളർത്തു മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ശവ സംസ്കാര ചടങ്ങുകള്‍ പോലും ജിം ആത്മീയതയുടെ ഭാഗമായി ചെയ്യുവാൻ തുടങ്ങി. എന്നാല്‍ ജിമിൻ്റെ ഇത്തരം പ്രവണതകള്‍ പലരിലും അതൃപ്തിയുണ്ടാക്കി.
മതപരമായ ഒരു ചടങ്ങു നടത്തുന്നതിനായി ജിം അയാളുടെ സ്വന്തം പൂച്ചയെ കൊന്നു എന്നും പറയപ്പെടുന്നു. ആത്മീയതയ്ക്ക് അപ്പുറം സാമൂഹിക സാംസ്‌കാരിക തത്വചിന്തകളും ജിമിന് അറിവുണ്ടായിരുന്നു. അഡോള്‍ഫ് ഹിറ്റ്‌ലർ, ജോസഫ് സ്റ്റാലിൻ, കാള്‍ മാർക്‌സ്, മഹാത്മാഗാന്ധി എന്നീ ലോകനേതാക്കളെ വായനയിലൂടെ മനസ്സിലാക്കിയതോടെ ജിം പുസ്തകങ്ങളുടെ ലോകത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നു.
ജിമിൻ്റെ പതിനേഴാം വയസ്സില്‍ ഒരു ആശുപത്രിയില്‍ സഹായിയായി ജോലിക്ക് പ്രവേശിക്കുന്നു. വളരെ പെട്ടെന്നാണ് ജിം ആശുപത്രിയിലെ ഓരോരുത്തരുടെയും പ്രിയങ്കരനായി മാറിയത്. അവിടെ വെച്ചു നഴ്സിംഗ് ട്രെയ്നിയായിരുന്ന മാർസെലിൻ മേ ബാള്‍ഡ്വിന്നുമായി പ്രണയത്തിലാകുന്നത്. ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് മെഡിക്കല്‍ പഠനത്തിനായി ജിം ഇന്ത്യാനയിലെ ബ്ലൂമിംഗ്ടണിലേക്ക് താമസം മാറിയിരുന്നു. 1949 ല്‍ ഇരുവരും വിവാഹിതരായി.
അധികം വൈകാതെ ജിം മത പുരോഹിതൻ എന്ന പട്ടം സ്വയം ചാർത്തുന്നു. 1950 കളുടെ തുടക്കത്തില്‍ താനും കുടുംബവും ഒരു മെത്തഡിസ്റ്റ് ശുശ്രൂഷകനാകുമെന്ന് ജിം പ്രഖ്യാപിക്കുന്നു. ‘പീപ്പിൾസ് ടെമ്പിൾ’ എന്ന പേരിൽ ഒരു സഭ സ്ഥാപിച്ചുകൊണ്ട് ജിം ജോൺസ് ഒരു ആൾദൈവമായി സ്വയം അവരോധിച്ചു. വർണ്ണവിവേചനമില്ലാത്ത ലോകം വാഗ്ദാനം ചെയ്ത ജിമ്മിന്റെ വലയിൽ ആയിരക്കണക്കിന് സാധാരണക്കാരാണ് വീണുപോയത്. എന്നാൽ ആത്മീയതയുടെ മറവിൽ അയാൾ മയക്കുമരുന്നും ആയുധങ്ങളും ഒളിപ്പിച്ചുവെച്ചു.
1970 കള്‍ ആയതോടെ പീപ്പിള്‍സ് ടെംപിള്‍സ് അമേരിക്കയിലെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. അവിടെയെല്ലാം വൃദ്ധ സദനങ്ങളും അനാഥാലയങ്ങളും സ്ഥാപിച്ച് കൂടുതല്‍ ജനശ്രദ്ധനേടാൻ ജിമിന് കഴിഞ്ഞു. സമൂഹത്തിൻ്റെ പല തട്ടിലുള്ള മനുഷ്യർ ആശ്വാസം തേടി പീപ്പിള്‍സ് ടെംപിളിലേക്ക് എത്തുവാൻ ആരംഭിച്ചു.
വളരെ പെട്ടെന്ന് തന്നെ പണത്താലും പ്രശസ്തിയാലും ജിം വളർന്നു. എന്നാല്‍ ജിമിനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചു കൊണ്ട് മറ്റുള്ള ക്രിസ്തീയ സഭകള്‍ മുന്നോട്ടു വരുന്നു. സാഹചര്യങ്ങള്‍ എല്ലാം ജിമിന് എതിരായിരുന്നു, പ്രസ്ഥാനം തകരാതെ മുന്നോട്ട് കൊണ്ട് പോകുവാൻ അയാള്‍ ഏറെ പാടുപെട്ടു. മയക്കുമരുന്ന് പോലുള്ള ലഹരി വസ്തുക്കള്‍ കൊണ്ട് യുവാക്കളെ ജിം വലയിലാക്കി.
എന്നാൽ അമേരിക്കൻ അന്വേഷണ ഏജൻസികൾ തന്റെ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ ജിം, തന്റെ അനുയായികളുമായി ഗയാനയിലെ കൊടുംകാടുകളിലേക്ക് പലായനം ചെയ്തു. അവിടെ ‘ജോൺസ് ടൗൺ’ എന്ന പേരിൽ ഒരു ചെറിയ പട്ടണം തന്നെ അയാൾ കെട്ടിപ്പടുത്തു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, പട്ടിണിയും പീഡനങ്ങളും സഹിച്ച് നൂറുകണക്കിന് മനുഷ്യർ അവിടെ ജീവിച്ചു. മരിക്കാൻ പറഞ്ഞാൽ മരിക്കാനും കൊല്ലാൻ പറഞ്ഞാൽ കൊല്ലാനും തയ്യാറുള്ള ഒരു സംഘത്തെ അയാൾ ഭയത്തിലൂടെ വാർത്തെടുത്തു.
ഒരിക്കൽ ജോൺസ് ടൗണിലെ ദുരവസ്ഥ അന്വേഷിക്കാൻ വന്ന അമേരിക്കൻ ഉദ്യോഗസ്ഥരെ ജിമ്മിന്റെ ആളുകൾ കൊലപ്പെടുത്തിയതോടെ തിരിച്ചടി ഉറപ്പായി. അതോടെ തന്റെ ഭീകരമായ പദ്ധതി ജിം നടപ്പിലാക്കി. 1978 നവംബർ 18-ന് സെൻട്രൽ പവലിയനിൽ ഒത്തുകൂടാൻ അയാൾ ആജ്ഞാപിച്ചു. അമേരിക്കൻ സൈന്യം വന്ന് എല്ലാവരെയും പീഡിപ്പിക്കുമെന്നും, അഭിമാനത്തോടെ മരിക്കാൻ സയനൈഡ് കലർത്തിയ പാനീയം കുടിക്കണമെന്നും അയാൾ പ്രസംഗിച്ചു.
ആദ്യം സ്വന്തം കുഞ്ഞുങ്ങൾക്ക് വിഷം നൽകാനായിരുന്നു ജിമ്മിന്റെ ഉത്തരവ്. 276 പിഞ്ചു പൈതങ്ങൾ അന്ന് ആ മണ്ണിൽ പിടഞ്ഞു വീണു. സ്വന്തം മക്കളുടെ മരണം കണ്ട് തളർന്ന മാതാപിതാക്കൾക്കും ആ വിഷം കുടിക്കേണ്ടി വന്നു. എതിർത്തവർക്ക് നേരെ ജിമ്മിന്റെ സായുധ സേന തോക്കുകൾ ചൂണ്ടി. ഒടുവിൽ, ആ മൈതാനം ശവപ്പറമ്പായി മാറി. 909 മനുഷ്യരുടെ ജീവനറ്റ ശരീരങ്ങൾക്കിടയിൽ ജിം ജോൺസ് സ്വയം വെടിയുതിർത്ത് മരിച്ചു.
മതവും വിശ്വാസവും അന്ധമാകുമ്പോൾ അത് എങ്ങനെയൊരു മഹാവിപത്തായി മാറുമെന്ന് ജോൺസ് ടൗൺ ഇന്നും ലോകത്തെ ഓർമ്മിപ്പിക്കുന്നു. നമുക്ക് ചുറ്റുമുള്ള ‘ജിം ജോൺസുമാരെ’ തിരിച്ചറിയാൻ വൈകിയാൽ ചരിത്രം ഇനിയും ആവർത്തിക്കപ്പെട്ടേക്കാം.
















