കൊച്ചി: മലയാളത്തിലെ താര സംഘടനയായ ‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദത്തിൽ കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി. മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണം പൂർത്തിയായതായി അമ്മ ഭാരവാഹികളായ ശ്വേത മേനോനും ജോയ് മാത്യുവും പറഞ്ഞു.
റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സംഘടനയുടെ ലോക്കറിലേക്ക് മാറ്റും. കുക്കു പരമേശ്വരൻ കുറ്റക്കാരിയാണെന്ന് സംഘടന കരുതുന്നില്ല. വനിതാ അംഗങ്ങളുടെ യോഗം ചേർന്നിരുന്നു. അത് റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു എന്നത് വസ്തുതയാണ്. എന്നാൽ ആ മെമ്മറി കാർഡ് കെപിഎസി ലളിതയ്ക്ക് കൈമാറുകയായിരുന്നുവെന്നും 2018ൽ ഉണ്ടായ സംഭവമാണിതെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2025 ലെ സംഘടനാ തിരഞ്ഞെടുപ്പ് വരെ ഈ മെമ്മറി കാർഡ് ഒരു വിവാദമായിരുന്നില്ല. ആ മെമ്മറി കാർഡ് ഇതുവരെ ആരും കണ്ടിട്ടില്ല. തുടർ നിയമനടപടികൾ അംഗങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിയമപരമായി മുന്നോട്ടു പോകാം. ദിലീപിന് സംഘടനയിൽ അംഗത്വം വേണമെങ്കിൽ ആദ്യം അപേക്ഷ നൽകട്ടെയെന്നും നിലവിൽ ദിലീപ് സംഘടനയിൽ അംഗമല്ലെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
















