സുകുമാരക്കുറുപ്പ്—കേരളക്കരയ്ക്ക് ഈ പേര് ഒരു പേടിസ്വപ്നമാണ്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചാക്കോ എന്ന നിരപരാധിയെ കൊന്നുതള്ളിയ ആ ക്രൂരൻ ഇന്നും നിയമത്തിന് പിടികൊടുക്കാത്ത നിഴലായി തുടരുന്നു. കുറുപ്പിന്റെ കയ്യിൽ പണവും സ്വാധീനവുമുണ്ടായിരുന്നു. എന്നാൽ പണമോ പ്രതാപമോ ഒന്നുമില്ലാത്ത ഒരു സാധാരണക്കാരൻ, പോലീസിന്റെ കണ്ണുവെട്ടിച്ച് സുകുമാരക്കുറുപ്പിനെപ്പോലെ ഒളിവിൽ കഴിയുന്നത് നിങ്ങളറിഞ്ഞിട്ടുണ്ടോ?
അതൊരു മകന്റെയും വയസ്സായ ഒരമ്മയുടെയും കണ്ണീരണിഞ്ഞ കാത്തിരിപ്പിന്റെ കഥയാണ്. 2001-ൽ കോഴിക്കോട് എടച്ചേരിയിൽ നടന്ന ആ ക്രൂരത, സുകുമാരക്കുറുപ്പിന്റെ കഥയെപ്പോലും തോൽപ്പിക്കുന്ന ഒന്നാണ്.
2001 സെപ്റ്റംബർ 8 രാവിലെ. എല്ലാവരും ഉണർന്നു വരുന്ന സമയം. കോഴിക്കോട് എടച്ചേരിയിലെ ആ വീട്ടിൽ നിന്നും അന്നൊരു കൂട്ടനിലവിളി ഉയർന്നു. പതിവുപോലെ പത്രവിതരണം കഴിഞ്ഞ് വീട്ടിലെത്തിയ ഷജിലും സഹീറും കണ്ടത് ഹൃദയം തകരുന്ന കാഴ്ചയായിരുന്നു.
തന്റെ ദൈവത്തിന് മുന്നിൽ പ്രാർത്ഥനാനിരതയായിരിക്കേണ്ട ഉമ്മ ജമീല, നിസ്കാരപ്പായയിൽ ചേതനയറ്റുകിടക്കുന്നു. ഭക്തിയുടെയും ശാന്തതയുടെയും പ്രതീകമായ ആ നിസ്കാരപ്പായ ഒരു കൊലക്കളമായി മാറിയിരിക്കുന്നു എന്ന് വിശ്വസിക്കാൻ ആർക്കും കഴിഞ്ഞില്ല. ജമീലയുടെ ഭർത്താവ് കിഴക്കയിൽ ഹമീദ് അന്ന് വീട്ടിലുണ്ടായിരുന്നില്ല.
വിവരമറിഞ്ഞ് അയൽവാസികളും ബന്ധുക്കളും ഓടിക്കൂടിയപ്പോൾ ഹമീദും അവിടെയെത്തി. ഒരു തകർന്ന മനുഷ്യനെപ്പോലെ അയാൾ അവിടെയിരുന്ന് അലറിക്കരഞ്ഞു. എന്നാൽ, മരണം സ്ഥിരീകരിക്കാനെത്തിയ ഡോക്ടറുടെ നിരീക്ഷണമാണ് ആ നാടകത്തിന്റെ ചുരുളഴിച്ചത്. സ്വാഭാവിക മരണമെന്ന് എല്ലാവരും കരുതിയടത്തുനിന്ന് ഡോക്ടറുടെ കണ്ണുകൾ ജമീലയുടെ കഴുത്തിലെ ആഴത്തിലുള്ള മുറിപ്പാടുകളിൽ ഉടക്കി. തലയ്ക്ക് പിന്നിൽ ഭാരമേറിയ എന്തോ വസ്തു കൊണ്ട് അടിയേറ്റതായും ഡോക്ടർ സംശയം പ്രകടിപ്പിച്ചു.
ഡോക്ടർ തന്റെ സംശയം പ്രകടിപ്പിച്ച നിമിഷം മുതൽ ഹമീദിന്റെ മുഖഭാവം മാറി. ഫോൺ വിളിക്കാനെന്ന വ്യാജേന ജനക്കൂട്ടത്തിനിടയിലൂടെ പുറത്തിറങ്ങിയ അയാൾ, തന്റെ ഭാര്യയുടെ ഖബറടക്കത്തിന് പോലും കാത്തുനിൽക്കാതെ ഇരുളിലേക്ക് മറഞ്ഞു. അതൊരു വലിയ ഒളിച്ചോട്ടത്തിന്റെ തുടക്കമായിരുന്നു.
പിന്നീട് വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആ ക്രൂരത ശരിവെച്ചു; കഴുത്തിലെ എല്ല് പൊട്ടിയിരുന്നു, ശ്വാസം മുട്ടിച്ചാണ് ജമീലയെ കൊലപ്പെടുത്തിയത്. എന്തിനായിരുന്നു ആ കൊലപാതകമെന്നോ, എങ്ങനെയായിരുന്നു ആ പദ്ധതി എന്നോ ഇന്നും നിഗൂഢമായി തുടരുന്നു.
കാസർകോട്, മൊഗ്രാൽ, എറണാകുളം എന്നിങ്ങനെ പലയിടങ്ങളിലും ഹമീദ് ഒളിവിൽ കഴിഞ്ഞതായി പോലീസിന് സൂചനകൾ ലഭിച്ചു. എറണാകുളം കാക്കനാട് ഒരു ഹോട്ടലിൽ അയാൾ ജോലി ചെയ്തിരുന്നതായി അറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും പഴയതുപോലെ അയാൾ അവിടെനിന്നും മുങ്ങിയിരുന്നു.
പണമോ വലിയ ബന്ധങ്ങളോ ഇല്ലാത്ത ഒരു സാധാരണക്കാരൻ എങ്ങനെ രണ്ട് പതിറ്റാണ്ടിലേറെയായി പോലീസിന്റെ കണ്ണുവെട്ടിച്ചു ജീവിക്കുന്നു എന്നത് അന്വേഷണ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
കാലങ്ങൾ കടന്നുപോയി, ഭരണാധികാരികളും അന്വേഷണ ഉദ്യോഗസ്ഥരും മാറിവന്നു. പക്ഷേ, ജമീലയുടെ 85 വയസ്സായ ഉമ്മ മറിയുമ്മ ഇന്നും നീതിക്കായി മുട്ടാത്ത വാതിലുകളില്ല. തന്റെ മകളെ കൊന്നവനെ ഒരു തവണയെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ഏക ആഗ്രഹവുമായി ആ വൃദ്ധ ഇന്നും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. മകൻ ഉസ്മാനോടൊപ്പം അവർ ഇപ്പോഴും കോടതികളും പോലീസ് ഓഫീസുകളും കയറിയിറങ്ങുകയാണ്.
നിസ്കാരപ്പായയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കെ മരണം വരിച്ച ആ പാവം ഉമ്മയ്ക്ക് ദൈവം നീതി നിഷേധിച്ചതാണോ അതോ നമ്മുടെ നിയമവ്യവസ്ഥ പരാജയപ്പെട്ടതാണോ? എടച്ചേരിയിലെ ആ വീടിന്റെ ചുവരുകളിൽ ജമീലയുടെ ഓർമ്മകൾ ബാക്കിയുണ്ട്. എവിടെയോ ഒളിഞ്ഞിരിക്കുന്ന ഹമീദ് ഒരുപക്ഷേ മരിച്ചിട്ടുണ്ടാവും അല്ലെക്കിൽ ഒരു സാദാരണക്കാരനെ പോലെ എവിടെയെക്കിലും ജീവിക്കുന്നുണ്ടാകും. എങ്കിലും, നീതി നടപ്പിലാകാത്ത ആ കൊലപാതകത്തിന്റെ ഓർമ്മകൾ കേരളത്തിന്റെ മനസ്സാക്ഷിയെ ഇപ്പോഴും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
















