2016 ഓഗസ്റ്റ് മാസത്തിലെ ആ കറുത്ത രാത്രിയിൽ, ചെന്നൈ എഗ്മോർ എക്സ്പ്രസ് സ്റ്റേഷൻ വിടുമ്പോൾ അത് ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയൊരു ക്രിമിനൽ വേട്ടയ്ക്ക് സാക്ഷ്യം വഹിക്കാൻ പോകുകയാണെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. വിയർപ്പും തിരക്കും നിറഞ്ഞ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ കാത്തുനിന്ന സാധാരണക്കാർ കണ്ടത് ആയുധധാരികളായ പോലീസുകാരെയാണ്. ഏതോ വലിയ വി.ഐ.പി ട്രെയിനിലുണ്ടെന്ന കൗതുകത്തോടെ അവർ നോക്കിനിന്നു.
എന്നാൽ ഓരോ യാത്രക്കാരന്റെയും പാദത്തിനടിയിൽ, ട്രെയിനിന്റെ രഹസ്യ അറയ്ക്കുള്ളിൽ 342 കോടി രൂപയുടെ നോട്ടുകൾ അടങ്ങിയ 220 പെട്ടികളുണ്ടായിരുന്നു എന്ന സത്യം കുറച്ചു പേര് ഒഴിച്ച് ആരും അറിഞ്ഞില്ല. ആയുധധാരികളായ പോലീസുകാരെയും റെയിൽവേ ഉദ്യോഗസ്ഥരെയും നിഷ്പ്രയാസം കബളിപ്പിച്ച ഒരു മോഷണം ആയിരുന്നു അവിടെ അരങ്ങേറാൻ പോകുന്നത് എന്ന ആ യാത്രക്കാരും സുരക്ഷിതമായി കൊണ്ടുപോകാം സാധിക്കും എന്ന വിശ്വസിച്ചവരും ഒരുപക്ഷെ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല.
സ്റ്റേഷന്റെ തിരക്കുകൾക്കിടയിൽ ഭിക്ഷക്കാരായും നാടോടികളായും വേഷം മാറി നടന്ന ഒരു കൂട്ടം മനുഷ്യർ കേവലം കാഴ്ചക്കാരായിരുന്നില്ല. മധ്യപ്രദേശിലെ കുപ്രസിദ്ധമായ ‘പാർധി’ ഗ്യാങ്ങിലെ അംഗങ്ങളായിരുന്നു അവർ. മോഹർ സിംഗ് എന്ന കൊള്ളത്തലവന്റെ ആസൂത്രണത്തിൽ ആഴ്ചകളോളം അവർ ഈ റൂട്ടിൽ യാത്ര ചെയ്തു, ഓരോ സിഗ്നലും ഓരോ വളവും മനപ്പാഠമാക്കി.
പോലീസുകാർ തോക്കുകളുമായി കംപാർട്ട്‌മെന്റിനുള്ളിൽ ജാഗ്രതയോടെ ഇരിക്കുമ്പോൾ, പുറത്ത് ഇരുട്ടിന്റെ മറവിൽ മറ്റൊരു യുദ്ധം തുടങ്ങിക്കഴിഞ്ഞിരുന്നു. ട്രെയിനിന്റെ ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ട്, ഇരയെ കാത്തിരിക്കുന്ന വേട്ടക്കാരെപ്പോലെ അവർ ട്രെയിനിനൊപ്പം സഞ്ചരിച്ചു.
രാത്രി 11 മണിക്ക് ചിന്നസേലം സ്റ്റേഷൻ പിന്നിട്ടതോടെ ട്രെയിനിന്റെ വേഗത കുറഞ്ഞു. ഇതാണ് തങ്ങൾക്ക് ലഭിച്ച സുവർണ്ണാവസരമെന്ന് തിരിച്ചറിഞ്ഞ അഞ്ചംഗ സംഘം ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മേൽക്കൂരയിലേക്ക് വലിഞ്ഞുകയറി. കാതടപ്പിക്കുന്ന ശബ്ദത്തിനിടയിലും അതീവ നൈപുണ്യത്തോടെ ഇലക്ട്രിക് കട്ടറുകൾ ഉപയോഗിച്ച് അവർ ആ ഇരുമ്പ് മേൽക്കൂര മുറിച്ചുമാറ്റി.
താഴെ തൊട്ടടുത്ത് ആയുധധാരികളായ പോലീസുകാർ ഇരിക്കുന്നുണ്ടെന്ന ബോധ്യം പോലും അവരെ തളർത്തിയില്ല. ദിനേഷ് പാർധിയും രോഹൻ പാർധിയും ആ ഇടുങ്ങിയ ദ്വാരത്തിലൂടെ താഴേക്ക് ഇറങ്ങി, കണ്മുന്നിൽ കണ്ട പണപ്പെട്ടികൾ ഓരോന്നായി പൊളിച്ച് ലുങ്കികളിൽ കെട്ടി മുകളിലേക്ക് എത്തിച്ചു. ഏകദേശം 45 മിനിറ്റോളം നീണ്ട സാഹസികതക്കൊടുവിൽ വിരുദാചലം സ്റ്റേഷന് മുൻപുള്ള ഒരു ഓവർബ്രിഡ്ജിന് സമീപം വെച്ച് പണപെട്ടിയുമായി അവർ താഴേക്ക് ചാടി. അവിടെ മോഹൻ സിങ്ങും കൂട്ടാളികളും വാഹനവുമായി നിൽപ്പുണ്ടായിരുന്നു. അതിൽ കയറി അവർ യാത്രയായി.
പിറ്റേന്ന് രാവിലെ ചെന്നൈ എഗ്മോറിൽ ട്രെയിൻ എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മേൽക്കൂരയിൽ വലിയൊരു ദ്വാരം, ഉള്ളിൽ ചിതറിക്കിടക്കുന്ന ശൂന്യമായ പെട്ടികൾ! തമിഴ്‌നാട് പോലീസിനെ സംബന്ധിച്ചിടത്തോളം ഇതൊരു അഭിമാനപ്രശ്നമായി മാറി. സാധാരണ അന്വേഷണ രീതികൾ പരാജയപ്പെട്ടപ്പോൾ അവർ ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസയുടെ (NASA) വരെ സഹായം തേടി.
ഉപഗ്രഹ ചിത്രങ്ങളും ലക്ഷക്കണക്കിന് ഫോൺ കോൾ റെക്കോർഡുകളും അരിച്ചുപെറുക്കിയ പോലീസ്, ഒടുവിൽ രണ്ട് വർഷത്തെ നീണ്ട തിരച്ചിലിനൊടുവിൽ ബിഹാറിലെയും മധ്യപ്രദേശിലെയും ഒളിത്താവളങ്ങളിൽ നിന്ന് പ്രതികളെ വലയിലാക്കി.
എന്നാൽ ഈ കഥയിലെ ഏറ്റവും വിരോധാഭാസമായ സത്യം മറ്റൊന്നായിരുന്നു. ജീവൻ പണയപ്പെടുത്തി അവർ കൊള്ളയടിച്ചത് റിസർവ് ബാങ്ക് നശിപ്പിക്കാൻ കൊണ്ടുപോയ പഴയതും കീറിയതുമായ നോട്ടുകളായിരുന്നു. അവ എങ്ങനെയെങ്കിലും മാറ്റിയെടുക്കാൻ അവർ പദ്ധതികൾ തയ്യാറാക്കുന്നതിനിടയിലാണ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ പിടിച്ചുലച്ച ‘നോട്ട് നിരോധനം’ സംഭവിക്കുന്നത്.
തങ്ങൾ മോഷ്ടിച്ച 5.7 കോടിയോളം രൂപ കേവലം കടലാസ് കഷ്ണങ്ങളായി മാറുന്നത് കണ്ട് ആ കൊള്ളക്കാർ നിസ്സഹായരായി. ഒടുവിൽ കഷ്ടപ്പെട്ട് നേടിയതൊന്നും അനുഭവിക്കാനാകാതെ, ജയിലഴികൾക്കുള്ളിൽ ശിഷ്ടകാലം ചിലവഴിക്കാൻ വിധി അവരെ തള്ളിക്കളഞ്ഞു. സാഹസികതയുടെയും ബുദ്ധിയുടെയും ആ വലിയ കൊള്ള ഒടുവിൽ ഒരു വിഡ്ഢിച്ചിരിയായി ചരിത്രത്തിൽ അവശേഷിച്ചു.
















