രാജരാജേശ്വരി നഗറിൽ യുവതിയെ വാടകമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. കേസിൽ യുവതിയുടെ ഭർത്താവ് വിരൂപാക്ഷയെയും ഇയാളുടെ സുഹൃത്തിനെയും ആർ.ആർ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വൈരുദ്ധ്യമാണ് ആത്മഹത്യയെന്ന് കരുതിയ കേസിൽ നിർണ്ണായക വഴിത്തിരിവായത്.
ജനുവരി 10-നാണ് ആശ എന്ന യുവതിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വർഷം മുൻപ് പ്രണയിച്ച് വിവാഹിതരായവരാണ് ആശയും വിരൂപാക്ഷയും. വിരൂപാക്ഷയുടെ അവിഹിത ബന്ധങ്ങളെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കം പതിവായിരുന്നു. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കഴിഞ്ഞ ഒന്നര മാസമായി ഇവർ പിരിഞ്ഞു താമസിക്കുകയായിരുന്നു.
സംഭവദിവസം ആശയുടെ താമസസ്ഥലത്തെത്തിയ വിരൂപാക്ഷ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഈ നീക്കം. ജനുവരി 11-ന് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ജോലിക്കു പോകാതെ ആശയുടെ വരുമാനത്തിലാണ് വിരൂപാക്ഷ ജീവിച്ചിരുന്നതെന്നും വിവാഹത്തിന്റെ തുടക്കം മുതൽ ഇയാൾ ക്രൂരമായി പെരുമാറിയിരുന്നതായും ആശയുടെ സഹോദരൻ മൊഴി നൽകി.
















