ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക പാളികളിൽ നിന്ന് മാത്രം നഷ്ടപ്പെട്ടത് ഒന്നരക്കിലോയിലേറെ സ്വർണമെന്ന് കണ്ടെത്തൽ. 1998 ൽ രണ്ട് കിലോയോളം സ്വർണം ദ്വാരപാലക പാളികളിൽ പൊതിഞ്ഞിരുന്നു.
പോറ്റി തിരികെയെത്തിച്ചപ്പോൾ ഉണ്ടായിരുന്നത് 394.9 ഗ്രാം മാത്രം. ബാക്കി സ്വർണം കൊള്ളയടിച്ചെന്നും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
കൊല്ലം വിജിലൻസ് കോടതിയെയാണ് എസ്ഐടി ഇക്കാര്യം അറിയിച്ചത്. സ്വർണം പൂശി തിരികെയെത്തിച്ചപ്പോഴുള്ള കണക്കാണ് എസ്ഐടി പുറത്തുവിട്ടിരിക്കുന്നത്. ബാക്കി സ്വർണം കൊള്ളയടിച്ചെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
ദ്വാരപാലക പാളികളിലെ മാത്രം കണക്കാണിത്. വേർതിരിച്ചെടുത്തത് 989 ഗ്രാം മാത്രമെന്നായിരുന്നു ആദ്യ കണക്ക്. കട്ടിളപ്പാളിയിലെ സ്വർണം കൂടിയാവുമ്പോൾ നഷ്ടം കൂടുമെന്നും കൊല്ലം വിജിലൻസ് കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
















