നടി ഭാവന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നുമെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിപിഎം സ്ഥാനാർഥിയായി ഭാവന മത്സരിക്കുമെന്നായിരുന്നു പ്രചരിക്കുന്നത്. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല. ഇപ്പോഴിതാ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം.
താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് വ്യാജവാർത്തയാണെന്ന് ഭാവന പറഞ്ഞു. ഇങ്ങനെയൊരു വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല. ഇതിൽ യാതൊരു അടിസ്ഥാനവുമില്ല. വാർത്ത കണ്ട് ചിരിയാണ് വന്നത്. ഇത് വലിയ തമാശയായിപ്പോയെന്നും ഭാവന പറഞ്ഞു. തന്റെ പുതിയ ചിത്രമായ അനോമിയുടെ റിലീസിന് മുന്നോടിയായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.
ആർജെ ആകാശിന്റെ ചോദ്യത്തിന് മറുപടിയായാണ് ഭാവന ഇക്കാര്യം പറഞ്ഞത്. ‘ഒരു റൂമർ കേട്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ടതല്ല. ഭാവിയിൽ ഭാവന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കാണാൻ കഴിയുമോ?’ എന്നായിരുന്നു ആർജെ ആകാശിന്റെ ചോദ്യം.
‘അത് എവിടുന്ന് വന്നുവെന്ന് പോലും എനിക്കറിയില്ല. ആ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഞാൻ തന്നെ അത് കണ്ടിട്ട് ‘ഏഹ്’ എന്നായിപ്പോയി! സത്യം പറഞ്ഞാൽ ചിരി വന്നു. ഇതെങ്ങനെ വന്നുവെന്ന് പോലും എനിക്കറിയില്ല. ഇവിടേക്ക് വരുന്നതിന് മുമ്പ് അത് വ്യാജവാർത്തയാണെന്ന് സ്റ്റോറിയിട്ടിട്ടാണ് വന്നിരിക്കുന്നത്. അത് ഭയങ്കര കോമഡിയായിപ്പോയി.’ -ഭാവന പറഞ്ഞു. ഈ വാർത്ത കണ്ട് തങ്ങളും ചിരിക്കുകയായിരുന്നുവെന്ന് അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്ന അനോമിയിലെ സഹതാരം ഷെബിൻ ബെൻസണും പറഞ്ഞു.
















