മലയാളത്തിന്റെ മോഹൻലാൽ ഒരിടവേളയ്ക്കു ശേഷം താടിവടിച്ച് ക്ലീൻ ഷേവ് ലുക്കിൽ എത്തിയിരിക്കുകയാണ്. നടൻ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറൽ ആയത്. ‘മലയാളത്തിന്റെ തമ്പുരാൻ’, ‘കൊമ്പൻ ഇറങ്ങി മക്കളെ’, ‘ചുമ്മാ തീ’, ‘ഹൈപ്പ് കേറി എങ്ങോട്ട് ഇത്’..തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
മോഹൻലാൽ. ‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഈ ലുക്ക്. ചിത്രത്തിൽ പൊലീസ് വേഷത്തിൽ മോഹൻലാൽ എത്തുന്നു. ‘ചുമ്മാ’ എന്ന അടിക്കുറിപ്പോടെയാണ് ക്ലീൻ ഷേവ് ലുക്കിലുള്ള ചിത്രം താരം പങ്കുവച്ചത്.
2020ൽ റിലീസ് െചയ്ത ‘ബിഗ് ബ്രദർ’ എന്ന ചിത്രത്തിനു ശേഷമാണ് മോഹൻലാൽ ക്ലീൻ ഷേവ് ലുക്കിൽ മറ്റൊരു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിലും മറ്റുമൊക്കെ മോഹൻലാലിന്റെ താടി വലിയൊരു ചർച്ചാ വിഷയമായി മാറി. ‘തുടരും’ സിനിമയിൽ ഇതുമായി ബന്ധപ്പെട്ടൊരു സെൽഫ് ട്രോൾ ഡയലോഗും മോഹൻലാൽ പറയുകയുണ്ടായി.
അതേസമയം മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന ‘തുടരും’ എന്ന ചിത്രത്തിനു ശേഷം മോഹൻലാൽ–തരുൺ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് തൊടുപുഴയിൽ തുടക്കമായി. ‘തുടരും’ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ച (കോടതി രംഗം) അതേ സ്ഥലത്താണ് ഇന്ന് പുതിയ സിനിമയും തരുൺ ആരംഭിച്ചത്. പൂജ ചിത്രങ്ങളിൽ താടി വടിക്കാതെയാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്.
മീര ജാസ്മിനാണ് നായികയായി എത്തുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി.
‘തുടരും’ സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. ‘തുടരും’ ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിങ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്‌ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍.
















