‘ദി കിസ്സിംഗ് ബൂത്ത്’, ‘യൂഫോറിയ’ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ യുവനടൻ ജേക്കബ് എലോര്‍ഡി ജയിംസ് ബോണ്ട് ആകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡാനിയൽ ക്രെയ്ഗിനു ശേഷം ജയിംസ് ബോണ്ട് ആകാൻ ഒരുങ്ങുന്ന നടനാണ് ജേക്കബ് എലോര്‍ഡി. ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ജേക്കബ് എലോര്‍ഡിക്ക് എങ്ങും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
ജയിംസ് ബോണ്ട് ചിത്രം ചെയ്യാൻ കരാർ ഒപ്പിട്ട സംവിധായകൻ ഡെനി വില്ലെനൊവ്വയുമായി ജേക്കബ് കൂടിക്കാഴ്ച നടത്തിയാണ് ഇങ്ങനെയൊരു വാർത്ത പൊട്ടിപ്പുറപ്പെടാൻ കാരണം. ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന സിനിമയിലൂടെ ഈ വർഷത്തെ മികച്ച സഹനടനുള്ള ഓസ്കർ നോമിനേഷനും ജേക്കബ് സ്വന്തമാക്കിയിരുന്നു.
ഡെനി വില്ലെനൊവ്വയുമായുള്ള കൂടിക്കാഴ്ചയിൽ നിര്‍മാതാക്കളും ഉണ്ടായിരുന്നതായി ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാം ഒത്തു വന്നാൽ ബോണ്ട് ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി 28കാരനായ ജേക്കബ് മാറും.
ഓസ്ട്രേലിയൻ സ്വദേശിയായ താരം കിസ്സിങ് ബൂത്ത് എന്ന നെറ്റ്ഫ്ലിക്സ് സീരിസിലൂടെയാണ് ശ്രദ്ധനേടുന്നത്. പിന്നീട് ‘യൂഫോറിയ’യിൽ നേറ്റ് ജേക്കബ് എന്ന കഥാപാത്രമായി ലോകമെമ്പാടും ആരാധകരെ നേടി.
സോഫിയ കൊപ്പോളയുടെ ‘പ്രിസില്ല’യിൽ എൽവിസ് പ്രെസ്‌ലിയായി ഗംഭീര പ്രകടനം നടത്തി കയ്യടി നേടി. ഗില്ലെർമോ ഡെൽ ടോറൊയുടെ ഫ്രാങ്കെൻസ്റ്റൈനിലൂടെ മികച്ച സഹന നടനുളള ക്രിട്ടിക്സ് ചോയ്സ് പുരസ്കാരവും ഓസ്കർ നോമിനേഷനും ലഭിച്ചു.
















