മലയാളിക്ക് വീട് എന്നത് ഒരു സ്വകാര്യ ഇടമായിരുന്നു. കുടുംബാംഗങ്ങൾക്കിടയിലെ സ്നേഹവും പിണക്കവും ആ നാൽച്ചുവരുകൾക്കുള്ളിൽ സുരക്ഷിതമായിരുന്നു. എന്നാൽ ഇന്ന് കാലം മാറി. വീടിന്റെ ഉമ്മറപ്പടി തൊട്ട് ബെഡ്‌റൂം വരെ ക്യാമറക്കണ്ണുകൾക്ക് മുന്നിൽ തുറന്നിടപ്പെടുമ്പോൾ, അവിടെ നഷ്ടമാകുന്നത് ഒരു ജനത കാത്തുസൂക്ഷിച്ച അന്തസ്സും അഭിമാനവുമാണ്.
പണത്തോടുള്ള ആർത്തി മനുഷ്യനെ ഏത് നിലവാരത്തിലേക്കും എത്തിക്കും എന്നതിന്റെ തെളിവായി മാറിയിരിക്കുകയാണ് ആധുനിക സോഷ്യൽ മീഡിയാ സംസ്കാരം. വെറും കാഴ്ചക്കാർക്ക് വേണ്ടിയും ഡോളറുകൾക്ക് വേണ്ടിയും സ്വന്തം ജീവിതത്തെ ചന്തയിൽ വെക്കുന്ന കാഴ്ച മലയാളിയെ ലജ്ജിപ്പിക്കുകയാണ്.
പണ്ട് നമ്മൾ കണ്ടിരുന്ന അശ്ലീല ലൈവ് സ്ട്രീമിംഗുകളെയും നൃത്തങ്ങളെയും മലയാളി സമൂഹം ഒന്നടങ്കം എതിർത്തതാണ്. എന്നാൽ ഇന്ന് അതിനേക്കാൾ അപകടകരമായ രീതിയിൽ ‘ഫാമിലി വ്ലോഗിംഗ്’ എന്ന വ്യാജേന അശ്ലീലം വീടുകളിലേക്ക് കുടിയേറിയിരിക്കുന്നു.
സ്വന്തം ഭാര്യയെ മറ്റൊരാൾക്കൊപ്പം ചേർത്തുനിർത്തി വീഡിയോ പകർത്തുമ്പോൾ, അവരുടെ സ്വകാര്യ നിമിഷങ്ങൾ പാട്ടിന്റെ അകമ്പടിയോടെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുമ്പോൾ, അവിടെ തകരുന്നത് മലയാളിയുടെ സാംസ്കാരിക ബോധമാണ്. ഒരു ദിവസത്തെ കണ്ടന്റിന് വേണ്ടി സ്വന്തം ഭാര്യയെ മറ്റൊരുത്തന് കാഴ്ചവസ്തുവായി വിട്ടുകൊടുക്കുന്ന ഭർത്താക്കന്മാർ കേരളത്തിന്റെ പുരുഷത്വത്തിന് തന്നെ വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ്.
വീട്ടിലെ കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ ‘പണമുണ്ടാക്കൽ’ നാടകത്തിലെ കഥാപാത്രങ്ങളാണ്. ആഡംബര കാറുകൾ വാങ്ങുന്നതും അതിന്റെ ഡെലിവറി വീഡിയോകൾ ആഘോഷമാക്കുന്നതും കാണുമ്പോൾ കഷ്ടം തോന്നാതിരിക്കില്ല. ആ കാറിന്റെ ഇ.എം.ഐ (EMI) അടയ്ക്കാൻ വേണ്ടിയാണോ ഈ കാണിക്കുന്ന അശ്ലീലതകളൊക്കെ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല.
റോഡരികിൽ നിൽക്കുന്ന തന്റെ പെണ്ണിനെ ഒരാൾ തുറിച്ചുനോക്കിയാൽ പോലും ചോര തിളയ്ക്കുന്ന മലയാളി പുരുഷന്റെ ഇടയിലാണ്, പണത്തിന് വേണ്ടി സ്വന്തം പങ്കാളിയെ പരപുരുഷന്മാർക്ക് മുന്നിൽ അണിയിച്ചൊരുക്കി നിർത്തുന്നവർ വളർന്നുവരുന്നത്.
നമ്മുടേത് അധ്വാനത്തിന് വില നൽകുന്ന, അന്തസ്സോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന സംസ്കാരമാണ്. എത്ര ദാരിദ്ര്യം ഉണ്ടെങ്കിലും ആത്മാഭിമാനം പണയം വെക്കാത്ത മലയാളിയുടെ ആ ശീലമാണ് ഇന്ന് വികലമായ അനുകരണങ്ങളിലൂടെ തകരുന്നത്. ഇതിനെ ‘വെസ്റ്റേൺ കൾച്ചർ’ എന്ന് വിളിച്ചു ന്യായീകരിക്കാൻ പോലും കഴിയില്ല; കാരണം സംസ്കാര സമ്പന്നമായ ഒരു സമൂഹവും ഇത്രത്തോളം അധഃപതിക്കാറില്ല.
വരുംതലമുറയ്ക്ക് നാം നൽകുന്നത് പണത്തിന് വേണ്ടി സ്വന്തം കുടുംബത്തെ വിൽക്കാം എന്ന തെറ്റായ സന്ദേശമാണ്. പണത്തോടുള്ള ഈ വെറി മനുഷ്യനെ മൃഗത്തേക്കാൾ കഷ്ടമാക്കുമ്പോൾ, നമ്മൾ നമ്മോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: “ഇത്രത്തോളം താഴാൻ നമുക്കെങ്ങനെ കഴിയുന്നു?”
















