ആൻഡമാനിൽ സ്കൂബാ ഡൈവിങ്ങന് പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ ? എങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മേയ് പകുതി വരെയാണ്. ഈ മാസങ്ങളിൽ കടൽ വളരെ ശാന്തമായിരിക്കുകയും അതുകൊണ്ട് തന്നെ വെള്ളത്തിനടിയിലെ കാഴ്ചകൾ വളരെ വ്യക്തമായി കാണാൻ സാധിക്കും.
ഡിസംബർ, ജനുവരി മാസങ്ങളാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സമയം. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ മഴയും കാറ്റും കാരണം കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഡൈവിങ്ങിന് നിയന്ത്രണങ്ങൾ ഉണ്ടാകാറുണ്ട്.
എങ്ങോട്ട് പോകണം?
ആൻഡമാനിൽ സ്കൂബാ ഡൈവിങ്ങിന് ഏറ്റവും മികച്ച ഇടമായി കണക്കാക്കപ്പെടുന്നത് ഹാവ്‌ലോക്ക് ദ്വീപാണ്. ഇവിടുത്തെ ഹെഡ്‌ലൈറ്റ് ബീച്ച്, എലിഫന്റ് ബീച്ച്, നീൽസ് പ്രൈഡ് തുടങ്ങിയ സ്പോട്ടുകൾ പവിഴപ്പുറ്റുകളുടെയും വൈവിധ്യമാർന്ന കടൽജീവികളുടെയും കലവറയാണ്. വെള്ളത്തിനടിയിലെ കാഴ്ചകൾ വളരെ വ്യക്തമായി കാണാൻ സാധിക്കുന്ന തെളിഞ്ഞ നീലജലാശമാണ് ഹാവ്ലോക്കിന്റെ പ്രത്യേകത. കൂടാതെ, താരതമ്യേന തിരക്ക് കുറഞ്ഞതും ശാന്തവുമായ അന്തരീക്ഷം ആഗ്രഹിക്കുന്നവർക്ക് നീൽ ഐലൻഡ് മികച്ച ഓപ്ഷനാണ്. ഇവിടുത്തെ ലക്ഷ്മൺപൂർ ബീച്ച്, ഭരത്പൂർ ബീച്ച് എന്നിവിടങ്ങളിൽ കടലിനടിയിലെ ജൈവവൈവിധ്യം ആവോളം ആസ്വദിക്കാൻ സാധിക്കും.
സാഹസികത അല്പം കൂടി ഇഷ്ടപ്പെടുന്നവർക്ക് പോർട്ട് ബ്ലെയറിന് അടുത്തുള്ള ചിടിയാതപ്പു തിരഞ്ഞെടുക്കാം. ആഴക്കടലിലെ പവിഴപ്പുറ്റുകൾക്കും വിചിത്രമായ മത്സ്യങ്ങൾക്കും പുറമെ, കടലിനടിയിൽ തകർന്നു കിടക്കുന്ന കപ്പലുകളുടെ അവശിഷ്ടങ്ങൾ കാണാൻ സാധിക്കുന്ന ഡൈവിങ് സ്പോട്ടുകൾ ഇവിടെയുണ്ട്. അതുപോലെ തന്നെ, ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമായ ബാരൻ ഐലൻഡും പ്രൊഫഷണൽ ഡൈവർമാരുടെ പ്രിയപ്പെട്ട ഇടമാണ്.
















