ഇന്ത്യൻ വിപണിയിലെ ജനപ്രിയ മോഡലായ പൾസർ 125 ന് പുത്തൻ അപ്പ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ബജാജ്. മുഖം മിനുക്കി മിടുക്കനായ 2026 പതിപ്പ് സിംഗിൾ സീറ്റ്, സ്പ്ലിറ്റ് സീറ്റ് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ഇതിൽ സിംഗിൾ സീറ്റ് മോഡലിന് 89,910 രൂപയും സ്പ്ലിറ്റ് സീറ്റ് മോഡലിന് 92,046 രൂപയുമാണ് എക്സ്-ഷോറൂം വില വരുന്നത്.
ഡിസൈനിന്റെയും ലുക്സിന്റെയും കാര്യത്തിൽ ബൈക്കിൽ വന്നിരിക്കുന്ന മാറ്റങ്ങൾ സൂക്ഷ്മമാണ്. മുൻതലമുറ മോഡലിലെ ഹാലജൻ ലാമ്പുകളിൽ നിന്ന് വ്യത്യസ്തമായി, എൽഇഡി ലാമ്പുകളാണ് 2026 പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, ടേൺ ഇൻഡിക്കേറ്ററുകളും ഇപ്പോൾ എൽഇഡി ടൈപ്പാണ്. അതോടൊപ്പം ഫ്രണ്ട് ഫാസിയയ്ക്ക് നേരിയ പുനർരൂപകൽപ്പനയും ലഭിക്കുന്നതായി കാണാം.
കോസ്മെറ്റിക് അപ്പ്ഗ്രേഡിൽ ബോഡി പാനലുകളിൽ പുതിയ നിറങ്ങളും പുതുക്കിയ ഗ്രാഫിക്സും വരുന്നുണ്ട്. ബ്ലാക്ക് ഗ്രേ, ബ്ലാക്ക് റേസിങ് റെഡ്, ബ്ലാക്ക് സിയാൻ ബ്ലൂ, ടാൻ ബീജ് വിത്ത് റേസിങ് റെഡ് എന്നീ കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്. മുൻ മോഡലിനെ അപേക്ഷിച്ച് ഈ മാറ്റങ്ങൾക്ക് ഏകദേശം 3,500 രൂപയോളം കമ്പനി കൂടുതലായി ഈടാക്കുന്നുണ്ട്, ഇത് അത്ര വലിയ ഒരു വിലക്കയറ്റം അല്ല.
ഈ കാഴ്ച്ചയിലുള്ള അപ്പ്ഗ്രേഡുകളും മാറ്റങ്ങളും അല്ലാതെ പൾസർ 125 ന്റെ ബാക്കി ഘടകങ്ങൾ മാറ്റമില്ലാതെ തുടരുന്നു. 124.4 സിസി, സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാണ് ബൈക്കിന്റെ ഹൃദയം. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ മോട്ടോർ 8,500 rpm-ൽ പരമാവധി 11.64 bhp കരുത്തും 6,500 rpm-ൽ 10.8 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്തിരിക്കുന്നു.
ഷോക്ക് അബ്സോർപ്ഷൻ ഹാർഡ്‌വെയറിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഗ്യാസ്-ചാർജ്ഡ് ട്വിൻ റിയർ സ്പ്രിംഗുകളും ഉൾപ്പെടുന്നു, അതേസമയം ബ്രേക്കിങ് സജ്ജീകരണത്തിൽ മുന്നിൽ 240 mm ഡിസ്‌ക്കും പിന്നിൽ ഒരു ഡ്രം യൂണിറ്റുമാണ് വരുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും യുഎസ്ബി ചാർജിങ് പോർട്ടും മോട്ടോർസൈക്കിളിന്റെ സവിശേഷതകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
















