നീണ്ട തർക്കങ്ങൾക്കൊടുവിൽ ട്രംപിന്റെ തീരുമാനത്തിന് വഴങ്ങി ടിക് ടോക്. അമേരിക്കയിൽ ആപ്പിന്റെ പ്രവർത്തനം തുടരുന്നതിനായി പുതിയൊരു കമ്പനിയുമായി കരാറിൽ ഒപ്പിട്ടിരിക്കുകയാണ് ടിക് ടോക്. കരാർ പ്രകാരം ടിക് ടോക്കിന്റെ രാജ്യത്തെ പ്രവർത്തനങ്ങൾ എല്ലാം കമ്പനിയുടെ കീഴിലാകും നടക്കുക. ‘ടിക് ടോക് യുഎസ്ഡിഎസ് ജോയിന്റ് വെഞ്ച്വർ എൽഎൽസി’ എന്ന കമ്പനി ആയിരിക്കും ടിക് ടോക്കിന് നേതൃത്വം നൽകുക.
ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ പ്രവർത്തനം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് യു എസ് ഭരണകൂടം ഭയപ്പെട്ടിരുന്നു. ഇതിനാലാണ് ഉടമസ്ഥാവകാശം വേർപെടുത്താൻ ബൈറ്റ്ഡാൻസിനോട് അമേരിക്ക ആവശ്യപ്പെട്ടത്. യു എസിൽ പ്രവർത്തിക്കുന്ന ആപ്പിനെ രാജ്യത്തിനകത്തുള്ള ഏതെങ്കിലും കമ്പനിക്ക് വിൽക്കാൻ തയാറാകണമെന്നും ഇല്ലെങ്കിൽ നിരോധനം ഏർപ്പെടുത്തുമെന്നും ഭരണകൂടം ബൈറ്റ്ഡാൻസിന് മുന്നറിയിപ്പ് നൽകിയിരുന്നു അറിയിച്ചിരുന്നു. അമേരിക്ക തീരുമാനം കടുപ്പിച്ചതോടെയാണ് ടിക് ടോക്കിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണം മറ്റൊരു കമ്പനിക്ക് നൽകാൻ തയ്യാറായത്.
പുതിയ കരാർ പ്രകാരം ടിക് ടോക്കിന്റെ പ്രവർത്തനങ്ങൾ ഭൂരിഭാഗവും അമേരിക്കൻ ഉടമസ്ഥതയിലുള്ള പുതിയ കമ്പനിക്കായിരിക്കും. ഇതിലൂടെ ആപ്പിന്റെ പ്രവർത്തനം നിലയ്ക്കുമോ എന്ന ഉപയോക്താക്കളുടെ ആശങ്കയ്ക്ക് കൂടെയാണ് പരിഹാരം ആയിരിക്കുന്നത്. രാജ്യത്തിനുള്ളതിൽ തന്നെയുള്ള കമ്പനിയായതിനാൽ സുരക്ഷാ വീഴ്ച ഉണ്ടാകില്ലെന്ന് കമ്പനി ഉപയോക്താക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. പുതിയ കരാറിലൂടെ ചൈനീസ് നിക്ഷേപകരല്ലാത്തവർക്ക് 80 ശതമാനം ഓഹരി പുതിയ സംരംഭത്തിൽ ഉണ്ടാവും. ബൈറ്റ്ഡാൻസിന് 19.9 ശതമാനം മാത്രമായിരിക്കും ഉണ്ടാവുക.
ഇതിനിടയിൽ “ടിക് ടോക്കിനെ രക്ഷിച്ചു” എന്ന പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തുകയും ചെയ്തു. ടിക് ടോക്കിനെ രക്ഷിക്കാൻ സാധിച്ചതിൽ താൻ സന്തോഷവാനാന്നെനും, ഇനി മുതൽ ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകർ അടങ്ങുന്ന ഗ്രൂപ്പ് ആയിരിക്കും ആപ്പിന്റെ പ്രവർത്തനം ഏറ്റെടുക്കുകയെന്നും ട്രംപ് പറഞ്ഞു. കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ പിന്തുണ തനിക്ക് ലഭിക്കാനുള്ള കാരണവും ടിക് ടോക് ആണെന്നാണ് ട്രംപിന്റെ അവകാശവാദം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് നന്ദി പറഞ്ഞുകൊണ്ടുള്ള ട്രംപിന്റെ പ്രതികരണം കൂടിയായപ്പോൾ ട്രംപും ടിക് ടോക്കും സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമായി മാറുകയും ചെയ്തു.
Story Highlights : TikTok has officially transitioned to US-led ownership
















