പത്തനംതിട്ട തിരുവല്ല കുറ്റൂരിൽ കൈക്കുഞ്ഞിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജനിച്ച് ദിവസങ്ങൾമാത്രം പ്രായമായ ആൺ കുഞ്ഞാണിത്.
കട ഉടമ ജയരാജൻ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കടയുടമ ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ജയരാജന്റെ കടയുടെ അകത്ത് തണുത്ത വിറച്ച നിലയിലായിരുന്നു കുഞ്ഞിനെ കണ്ടത്. പുലർച്ചെ കടയിൽ ലൈറ്റ് ഇട്ടപ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ ശ്രദ്ധയിൽപ്പെട്ടതെന്നും ഉടൻതന്നെ പൊലീസിനെ വിവരം അറിയിച്ചെന്നും ജയരാജന്റെ ഭാര്യ പറഞ്ഞു.
ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. പ്രദേശത്ത് ഇന്ന് പുലർച്ചെ ബൈക്കുകൾ വന്നുപോയതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയവരാണോ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് എന്ന അന്വേഷണത്തിലാണ് പൊലീസ്. കടയുടെ പിന്നിൽ തന്നെയുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്.
















