സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിന് ശേഷമുള്ള പാർട്ടിയുടെ ആദ്യ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്. വി കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും എന്നാണ് സൂചന.
കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സാധ്യത. മേൽ കമ്മിറ്റിയുടെ അനുമതിയോടെ ആകും നടപടി പ്രഖ്യാപിക്കുക. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം അടക്കം പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിൽ ക്രമക്കേട് നടന്നിട്ടില്ല എന്ന് വരുത്തിതീർക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
അന്വേഷണ കമ്മിഷൻ തള്ളിയ ആരോപണം വീണ്ടും ഉന്നയിച്ചതിന് പിന്നിൽ വിഭാഗീയ പ്രവർതനങ്ങൾ എന്ന് സ്ഥാപിക്കാനാണ് പാർട്ടി ശ്രമം.
നാളെ ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്. കമ്മിറ്റി അംഗമാണെങ്കിലും മാസങ്ങളായി വി കുഞ്ഞികൃഷ്ണൻ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജനും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തേക്കും.
അതിനിടെ പയ്യന്നൂർ എംഎൽഎ ടി എ മധുസൂധനന്റെ രാജി ആവശ്യപ്പെട്ടു കോൺഗ്രസ് നടത്തിയ പ്രകടനത്തിൽ സംഘർഷം ഉണ്ടായി.
















