ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു പ്രസിഡന്റ് ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. 2020-ലെ ഗാൽവൻ വാലി അതിർത്തി സംഘർഷത്തെത്തുടർന്ന് നാല് വർഷത്തോളമായി വഷളായിരുന്ന ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് ഷി ജിൻപിങ്ങിന്റെ റിപ്പബ്ലിക് ദിന ആശംസ.
ഇന്ത്യയും ചൈനയും ‘നല്ല അയൽക്കാരും സുഹൃത്തുക്കളും പങ്കാളികളുമാണ്’ എന്നും ഇരുരാജ്യങ്ങളെയും പ്രതീകാത്മകമായി ‘ഒന്നിച്ചു നൃത്തം ചെയ്യുന്ന ഡ്രാഗണും ആനയും’ എന്ന് മുൻപ് പലതവണ ഉപയോഗിച്ചിട്ടുള്ള പ്രയോഗവും അദ്ദേഹം ആശംസാ സന്ദേശത്തിൽ വിശേഷിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കണമെന്നും നയതന്ത്ര ബന്ധത്തിൽ സ്ഥിരത കൈവരിക്കുന്നതിനായി പരസ്പരമുള്ള ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
















