പാലോട് ഇലവുപാടത്ത് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഭക്തിഗാന പരിപാടിക്കിടെയുണ്ടായ തർക്കത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂരമർദനം. സിപിഎം ഇലവുപാടം ബ്രാഞ്ച് സെക്രട്ടറി ഷാൻ ശശിധരനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ആറ് ആർഎസ്എസ്, ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഞ്ചു, പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇലവുപാലം കൊല്ലയിൽ അപ്പൂപ്പൻ നടയിലെ ഉത്സവത്തിന്റെ ഭാഗമായി ചല്ലിമുക്ക് ജംഗ്ഷനിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. പരിപാടിയിൽ ഭക്തിഗാനങ്ങൾക്ക് പകരം ഗണഗീതം പാടിയത് ഷാൻ ശശിധരന്റെ നേതൃത്വത്തിലുള്ള സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തു.
ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തിലേക്കും പിന്നീട് അക്രമത്തിലേക്കും നയിക്കുകയായിരുന്നു. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ ഷാനിന്റെ കൈയ്ക്ക് പൊട്ടലേൽക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി. നിലവിൽ ഷാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
















