തിരുവനന്തപുരം നേമത്തു വില്ലാംകോട് ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിൽ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം. ക്ഷേത്രഭാരവാഹിയാണ് പുറത്തിരുന്ന കാണിക്കവഞ്ചി കുത്തിതുറന്ന നിലയിൽ ആദ്യം കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. ക്ഷേത്രത്തിൽ കയറിയ കള്ളൻ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് നോട്ടുകളെല്ലാം കൈവശപ്പെടുത്തിയ ശേഷം ചില്ലറകൾ മുണ്ടിൽ പൊതിഞ്ഞ് ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ആണ് ക്ഷേത്രത്തിനുള്ളിലെ മുഴുവൻ കാണിക്ക വഞ്ചികളും കുത്തിത്തുറന്ന നിലയിൽ കണ്ടെത്തുന്നത്. കൂടാതെ ഓഫീസ് കെട്ടിടത്തിന്റെ വാതിലും കുത്തി തുറന്ന് അകത്ത് കയറി അലമാര പാര ഉപയോഗിച്ച് കുത്തിത്തുറന്ന് പണവും സ്വർണപൊട്ടുകളും കൊണ്ടുപോയി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കള്ളന്റെ രൂപം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
















