അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരങ്ങളിൽ നിന്ന് പിന്മാറാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ആലോചിക്കുന്നതായി റിപ്പോർട്ട്. ഐസിസിയോടുള്ള തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യക്കെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ബഹിഷ്‌കരിക്കുകയോ അല്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയോ ചെയ്യാനാണ് പാകിസ്താന്റെ നീക്കം.
വിഷയത്തിൽ അന്തിമ തീരുമാനം പാക് സർക്കാർ കൈക്കൊള്ളുമെന്ന് പിസിബി മേധാവി മുഹ്‌സിൻ നഖ്‌വി വ്യക്തമാക്കി. നിലവിൽ വിദേശത്തുള്ള പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് തിരിച്ചെത്തിയാലുടൻ ഇതുസംബന്ധിച്ച് നിർണ്ണായക കൂടിക്കാഴ്ച നടക്കും. സർക്കാർ എടുക്കുന്ന തീരുമാനമായിരിക്കും അന്തിമമെന്നും, രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാകും നിലപാട് വ്യക്തമാക്കുകയെന്നും നഖ്‌വി കൂട്ടിച്ചേർത്തു.
നേരത്തെ, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ബിസിബിയുടെ ആവശ്യത്തെ പിന്തുണച്ച ഏക രാജ്യം പാകിസ്താനാണ്.
എന്നാൽ ഐസിസി ഈ ആവശ്യം തള്ളുകയും ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പാകിസ്താനും സമാനമായ കടുത്ത നിലപാടിലേക്ക് നീങ്ങുന്നത്.
അതേസമയം, ടൂർണമെന്റിൽ നിന്ന് ഏകപക്ഷീയമായി പിന്മാറുന്നത് പാകിസ്താൻ ക്രിക്കറ്റിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഐസിസി വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്. സ്പോൺസർഷിപ്പ് കരാറുകളിലും ഐസിസി ഫണ്ടുകളിലും ഇത് വലിയ ഇടിവുണ്ടാക്കിയേക്കാം. ലോകകപ്പിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഇന്ത്യ-പാക് മത്സരം മുടങ്ങിയാൽ അത് ടൂർണമെന്റിന്റെ ആവേശത്തെയും സാമ്പത്തിക അടിത്തറയെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
















