അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ അതിശൈത്യത്തിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ലൂസിയാനയിൽ രണ്ടും ടെക്സാസിൽ ഒന്നും മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കടുത്ത തണുപ്പ് മൂലമുണ്ടാകുന്ന ഹൈപ്പോതെർമിയ ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് വൈദ്യുതി ലൈനുകൾ തകരാറിലായതോടെ 10 ലക്ഷത്തിലധികം വീടുകൾ ആണ് ഇരുട്ടിലായത്. ടെന്നസി, മിസിസിപ്പി, ലൂസിയാന സംസ്ഥാനങ്ങളിലാണ് ഗുരുതരമായ സ്ഥിതി തുടരുന്നത്.
അതിശൈത്യ തരംഗത്തെ തുടർന്ന് ഇന്ന് മാത്രം 12,000-ഓളം വിമാന സർവീസുകൾ ആണ് റദ്ദാക്കിയത്. ന്യൂയോർക്കിലെ ലാഗ്വാർഡിയ, റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ട് എന്നിവ പൂർണ്ണമായും അടച്ചു. തെക്ക് മുതൽ വടക്കുകിഴക്കൻ മേഖല വരെയുള്ള 23 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 18.5 കോടി ജനങ്ങൾ ജാഗ്രതാ നിർദ്ദേശത്തിന് കീഴിലാണ്.
















