എറണാകുളം പാറമടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവാണിയൂരിനടുത്ത് കക്കാട് കരയിലെ പാറമടയിലാണ് ചോറ്റാനിക്കര ഗവ. വിഎച്ച്എസ്‍ഇയിലെ വിദ്യാർത്ഥിയായ 16കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
രാവിലെ ഒൻപതുമണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. പതിവ് പോലെ പെൺകുട്ടി വീട്ടിൽ നിന്ന് 7.45ന് ഇറങ്ങിയിരുന്നു. ആദ്യം ട്യൂഷനും അതിനു ശേഷം സ്കൂളിലേക്കും പോവുകയാണ് പതിവ്. എന്നാൽ ഇതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു വരികയാണ് പോലീസ്.
നാട്ടുകാരാണ് കുട്ടിയുടെ മൃതദേഹം ആദ്യം കാണുന്നത്. ബാഗും പുസ്തകങ്ങളും ലഞ്ച് ബോക്സും കരയിൽ വച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഒൻപത് മണിയോടെയാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയ വിവരം ചോറ്റാനിക്കര പൊലീസിനു ലഭിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി വരികയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം അടക്കം അറിയാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.
പ്രാഥമിക നിഗമനത്തിൽ ആത്മഹത്യ ആകാനാണ് സാധ്യത. ആത്മഹത്യയാണെങ്കിൽ എന്താണ് അതിലേക്ക് നയിച്ചതെന്നുള്ള കാര്യങ്ങളും അന്വേഷണത്തിൽ വരും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
















