തൃശൂർ അന്തികാടിൽ 16 വയസ്സുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അരിമ്പൂർ നാലാംകല്ല് ചേന്ദംകുളം വീട്ടിൽ ശ്രീഷ്ണവ് (20), വെളുത്തൂർ നങ്ങേലി വീട്ടിൽ സ്മിജിൻ (19), അരിമ്പൂർ സ്വദേശി മാങ്ങാട്ട് വീട്ടിൽ ശ്രീഹരി (19), അരിമ്പൂർ നാലാംകല്ല് കണ്ണോളി വീട്ടിൽ രാജേഷ് (19) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. പിടികൂടിയ പ്രതികളെ അന്തിക്കാട് പൊലീസ് സറ്റേഷനിൽ എത്തിച്ചു.
ജനുവരി 5 ന് അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന കാവടിയാട്ടത്തിനിടെ ഡാൻസ് കളിക്കുകയായിരുന്ന പ്രതികൾ. എന്നാൽ കളിക്കുന്നതിനിടയിൽ പ്രതികളിൽ ഒരാൾ 16 വയസ്സുകാരന്റെ ദേഹത്തേക്ക് വീഴുകയും, 16 കാരൻ പ്രതിയെ പിടിച്ചു തള്ളുകയും ചെയ്തു.
പിടിച്ചുതള്ളിയതിൽ വൈരാഗ്യം വന്ന അവർ 16 വയസ്സുകാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കുട്ടിയെ പ്രതികൾ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.
















