ലോകമെമ്പാടുമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ്മാരുടെയും സാമ്പത്തിക വിദഗ്ധരുടെയും മഹാസംഗമത്തിന് വേദിയൊരുങ്ങുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) സംഘടിപ്പിക്കുന്ന ‘വേൾഡ് ഫോറം ഓഫ് അക്കൗണ്ടന്റ്സ്’ (WOFA 2.0) ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ഇന്ത്യ എക്സ്പോ സെന്ററിൽ നടക്കും. അക്കൗണ്ടിംഗ്, ഫിനാൻസ് മേഖലകളിലെ ആഗോള പ്രവണതകളും ഭാവി റോഡ്‌മാപ്പും ചർച്ച ചെയ്യുന്നതിനാണ് ഈ ആഗോള ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിൽ ഇന്ത്യയുൾപ്പെടെ നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ധനകാര്യ മേഖലയിലെ നയരൂപീകരണ വിദഗ്ധർ, പ്രമുഖ വ്യവസായ നേതാക്കൾ, സാമ്പത്തിക ശാസ്ത്രജ്ഞർ എന്നിവരുടെ വൻനിര തന്നെ ഈ സമ്മേളനത്തിന്റെ ഭാഗമാകും.
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, അർജുൻ റാം മേഘ്‌വാൾ എന്നിവരും ഡോ. പെമ്മസാനി ചന്ദ്രശേഖർ, പ്രതാപ്‌റാവു ജാദവ് തുടങ്ങിയവരും ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സഞ്ജയ് കെ. മൂർത്തിയും സമ്മേളനത്തിലെ വിവിധ സെഷനുകളിൽ പങ്കെടുക്കും.
വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള സാമ്പത്തിക പാത ഒരുക്കുക എന്നതിനൊപ്പം ആഗോള സാമ്പത്തിക ക്രമത്തിൽ അക്കൗണ്ടിംഗ് പ്രൊഫഷണലുകളുടെ പങ്ക് എങ്ങനെ വർദ്ധിപ്പിക്കാം എന്നതാണ് ഈ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. അമ്പതോളം സാങ്കേതിക സെഷനുകളിലായി ഇരുനൂറിലധികം പ്രഗൽഭരായ പ്രഭാഷകർ വിഷയങ്ങൾ അവതരിപ്പിക്കും. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, സുസ്ഥിര ധനകാര്യം (Sustainable Finance), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അക്കൗണ്ടിംഗിൽ വരുത്തുന്ന മാറ്റങ്ങൾ തുടങ്ങിയവ പ്രധാന ചർച്ചാവിഷയങ്ങളാകും.
കഴിഞ്ഞ വർഷത്തെ വിജയത്തിന് പിന്നാലെയാണ് WOFA 2.0 എന്ന പേരിൽ കൂടുതൽ വിപുലമായി ഈ വർഷത്തെ സമ്മേളനം നടത്തുന്നത്. വികസിത നാളേക്കായുള്ള വ്യക്തമായ റോഡ്‌മാപ്പ് തയ്യാറാക്കുന്നതിനൊപ്പം പ്രൊഫഷണലുകൾക്കിടയിൽ ആഴത്തിലുള്ള സംവാദങ്ങൾ ഉറപ്പാക്കുകയാണ് ഐസിഎഐ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ചരൺജോത് സിംഗ് നന്ദ വ്യക്തമാക്കി. അക്കൗണ്ടൻസി പ്രൊഫഷനിലെ ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ വെല്ലുവിളികളെ നേരിടുന്നതിനുമുള്ള ഒരു മികച്ച വേദിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















