മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി രേഖപ്പെടുത്തി. സന്നിധാനത്തല്ല പമ്പയിലാണ് ഷൂട്ടിംഗ് നടന്നതെന്ന് സംവിധായകന്‍ മൊഴി നല്‍കി. അന്വേഷണം അവസാനഘട്ടത്തിലാണെന്ന് ദേവസ്വം വിജിലന്‍സ് വ്യക്തമാക്കി.
ഇന്ന് റിപ്പോര്‍ട്ട് കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിപ്പോര്‍ട്ട് വേഗത്തില്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ വ്യക്തമാക്കി. ഇന്നോ നാളെയോ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിസര്‍വ് വന ഭൂമിയില്‍ അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയതിന് പിന്നാലെയാണ് വനം വകുപ്പ് അനുരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഈ മാസം 24-നാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
















