ഒടിടി പ്രേക്ഷകർക്കായിതാ സന്തോഷ വാർത്ത. ഈ ആഴ്ചയിലെ പ്രധാന ഒടിടി റിലീസുകളുടെ തീയതി പുറത്തുവന്നു. അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച ‘സർവ്വം മായ’, അനശ്വര രാജന്റെ ആദ്യ തെലുങ്ക് ചിത്രമായ ‘ചാമ്പ്യൻ’, മീനാക്ഷി ജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ശേഷിപ്പ്’, വിക്രം പ്രഭു നായകനായ ‘സിറൈ’, ആശ ശരത്തും മകൾ ഉത്തര ശരത്തും പ്രധാന വേഷങ്ങളിൽ എത്തിയ ‘ഖെദ്ദ’എന്നിവയാണ് ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ.
സർവ്വം മായ
അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച സർവ്വം മായ ഒടിടിയിലേക്ക്. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മാറിയ ഇത് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ഒന്നാണ്. ജനുവരി 30 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.
ചാമ്പ്യൻ
അനശ്വര രാജന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘ചാമ്പ്യൻ’. ‘നിർമ്മല കോൺവെന്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷൻ മേക്കയാണ് ചിത്രത്തിലെ നായകൻ. ‘ചന്ദമാമ കഥലു’ എന്ന ചിത്രത്തിലൂടെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ പ്രദീപ് അദ്വൈതം സംവിധായം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
ശേഷിപ്പ്
മീനാക്ഷി ജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് ശേഷിപ്പ്. വിഷ്ണു ഉണ്ണികൃഷ്ണൻ, ലാൽ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. Sun NXTൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
സിറൈ
വിക്രം പ്രഭു നായകനായ ക്രൈം ഡ്രാമ ചിത്രം ആണ് ‘സിറൈ’. നവാഗതനായ സുരേഷ് രാജകുമാരി സംവിധാനം ചെയ്ത ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. എൽ.കെ അക്ഷയ് കുമാർ, മലയാളിയായ അനിഷ്മ അനിൽകുമാർ എന്നിവരും ചിത്രത്തിലുണ്ട്. ‘സീ 5’ ലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.
ഖെദ്ദ
മനോജ് കാന സംവിധാനം ചെയ്ത് ആശ ശരത്തും മകൾ ഉത്തര ശരത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് ‘ഖെദ്ദ’. സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത് എന്നിവരും ചിത്രത്തിലുണ്ട്. ‘ചിത്രം മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
















