തൊടുപുഴ ബസ് സ്റ്റാൻഡിൽ മദ്യപിച്ചെത്തിയ യാത്രക്കാരനെ കെഎസ്ആർടിസി ജീവനക്കാരൻ മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. യാത്രക്കാരന്റെ മുഖത്തടിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.
ബുധനാഴ്ച വൈകിട്ട് അടിമാലി ഭാഗത്തുനിന്നു തൊടുപുഴയിലേക്കുള്ള ബസിൽ മദ്യപിച്ച് യാത്ര ചെയ്തയാൾ സഹയാത്രക്കാരുമായി വാക്കേറ്റം ഉണ്ടാക്കിയെന്നാണു ജീവനക്കാർ പറയുന്നത്. ബസ് തൊടുപുഴ സ്റ്റാൻഡിൽ എത്തിയപ്പോൾ മദ്യപൻ കയ്യേറ്റശ്രമവും നടത്തി.
ഇതിനിടെ, യൂണിഫോം ധരിച്ചെത്തിയ ജീവനക്കാരൻ യാത്രക്കാരന്റെ മുഖത്തടിക്കുന്ന ദൃശ്യമാണു പ്രചരിക്കുന്നത്. പിന്നാലെ മറ്റൊരു യാത്രക്കാരനും മർദിച്ചു.
പിന്നീടെത്തിയ പൊലീസ് സംഘം യാത്രക്കാരനെ അനുനയിപ്പിച്ചു പറഞ്ഞുവിട്ടു. പരാതിയോ കേസോ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ, ജീവനക്കാർ മർദിച്ചിട്ടില്ലെന്നും യാത്രക്കാർ തമ്മിലാണു പ്രശ്നം ഉണ്ടായതെന്നുമാണു ഡിപ്പോ അധികൃതരുടെ വിശദീകരണം.
















