നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ പ്രേക്ഷകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ കലാഭവൻ നവാസിനെക്കുറിച്ച് സംസാരിക്കുകയാണ് ഭാര്യാപിതാവും നാടകപ്രവർത്തകനുമായ കൊച്ചിൻ ഹസ്സനാർ. കലാഭവൻ നവാസ് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്റെ അവതരണ വേദിയിലായിരുന്നു വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്.
‘എനിക്ക് രണ്ട് പെൺകുട്ടികൾ ആണ്. അതിൽ ഇളയ ആളാണ് രഹന. എന്റെ രണ്ടു മക്കളും മരുമക്കളാണ്. വീട്ടിലേക്കു വന്നു കയറിയ പുത്രന്മാർ രണ്ടുപേരും നല്ല പുത്രന്മാരായിരുന്നു. 22 വർഷമായി എന്റെ കൂടെ ആയിരുന്നു എന്റെ മരുമോൻ. മരുമോൻ അല്ലായിരുന്നു, മകനായിരുന്നു. എല്ലാം അറിഞ്ഞു ചെയ്യുന്ന ആളായിരുന്നു. ഇതുവരെ ഒരാളെ പറ്റി പോലും മോശം പറഞ്ഞിട്ടില്ല. നവാസ്.. നീറ്റൽ തന്നു പോയി. പുതിയ നാടകം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. 12 പേജോളം എഴുതി. എന്നോട് കഥ പറഞ്ഞു തന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന നാടകം മാറ്റി ഇതു ചെയ്യാമെന്നു പറഞ്ഞു. പക്ഷേ, അവൻ പോയി,’ ഹസ്സനാരിന്റെ വാക്കുകൾ.
കലാഭവൻ നവാസ് രചനയും സംവിധാനവും നിർവഹിച്ച ‘ഇന്ന്’ എന്ന നാടകം കാണാൻ കുടുംബാംഗങ്ങൾക്കു പുറമെ അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. ‘നവാസിന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കാണുമ്പോൾ സ്നേഹവും സന്തോഷവുമാണ് തോന്നുന്നത്,’ ഹസ്സനാർ പറഞ്ഞു. അകാലത്തിൽ വിട പറഞ്ഞ നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന സിനിമയെക്കുറിച്ചും ഹസ്സനാർ വാചാലനായി. ‘എന്റെ മകൻ’ എന്നു പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹം കലാഭവൻ നവാസിനെക്കുറിച്ച് സംസാരിച്ചത്. ‘എന്റെ മകൻ അവസാനമായി അഭിനയിച്ച സിനിമ പ്രകമ്പനം റിലീസ് ആവുകയാണ്. എല്ലാവരും കാണണം. തിയറ്ററിൽ പോയി തന്നെ കാണണം,’ കൊച്ചിൻ ഹസ്സനാർ പറഞ്ഞു. ഇനിയൊരു സിനിമയിൽ അദ്ദേഹത്തെ കാണാൻ കഴിയില്ലല്ലോ എന്നൊരു ദുഃഖവും ഹസ്സനാർ പങ്കുവച്ചു.
നവാസിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ആഘാതത്തിലാണ് കുടുംബം. 2025 ഓഗസ്റ്റ് ഒന്നിനായിരുന്നു ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
















