തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 43 വർഷം കഠിന തടവും 40000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പ്രതി രാജനെ (56) അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ആണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം.
പിഴത്തുകയും ലീഗൽ സർവീസസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നൽകണമെന്നും കോടതി ഉത്തരവിട്ടു. 2021 സെപ്തംബർ 30നും ഒക്ടോബർ 15നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ഒപ്പം ആരുമില്ലാതിരുന്ന സമയത്ത് മിഠായി നൽകാം എന്ന് പറഞ്ഞ് ബാത്ത്റൂമിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു. പ്രതി ഭീക്ഷണിപ്പെടുത്തിയതിനാൽ ആദ്യത്തെ സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല. രണ്ടാമത്തെ സംഭവത്തിന് ശേഷം ഇവർ ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടു. കുട്ടി പരിഭ്രമിച്ചു നിൽക്കുന്നതിൽ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ ഹാജരായി. വഞ്ചിയൂർ സ്റ്റേഷനിലെ വി വി ദിപിൻ, വിനീത എം ആർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും 5 തൊണ്ടിമുതലുകളും ഹാജരാക്കി.
















