കണ്ണൂർ ജില്ലയിലെ നീർവേലിയിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. ഉഗ്രസ്ഫോടന ശേഷിയുള്ള മൂന്ന് ബോംബുകളാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെടുത്തത്. ബിജെപി നിയന്ത്രണത്തിലുള്ള അർച്ചന ക്ലബ്ബിന് മുൻവശത്തുള്ള പറമ്പിലാണ് ബോംബുകൾ ഒളിപ്പിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ബോംബുകൾ തുടർച്ചയായി കണ്ടെടുക്കുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
ആളൊഴിഞ്ഞ പറമ്പിൽ പച്ചക്കറി നടുന്നതിനായി സ്ഥലം വൃത്തിയാക്കാൻ എത്തിയ സമീപവാസിയാണ് ബോംബുകൾ ആദ്യം കണ്ടത്. വലിയ പ്ലാസ്റ്റിക് കണ്ടെയ്നറിനുള്ളിൽ സ്ഫോടക വസ്തുക്കൾ നിറച്ച ശേഷം ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ അതീവ ജാഗ്രതയോടെ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇവ നിർവീര്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
















