കണ്ണൂർ മയ്യിൽ കണ്ണാടിപ്പറമ്പിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കണ്ണാടിപ്പറമ്പ് കൊറ്റാളിക്കാവിലെ അരിയമ്പാട്ട് അനീഷ് (38) ആണ് അപകടത്തിൽ മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.
മുന്നിൽ പോവുകയായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസ്സിൽ അനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അനീഷിന് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
















