കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (DRC) കോൾട്ടാൻ ഖനി തകർന്നുണ്ടായ അപകടത്തിൽ 200-ലധികം തൊഴിലാളികൾ മരിച്ചു. റുബാബ പ്രവിശ്യയിൽ വെള്ളിയാഴ്ചയാണ് ലോകത്തെ നടുക്കിയ ഈ ദുരന്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വിമതർ നിയോഗിച്ച ഗവർണറുടെ വക്താവ് ലുമുംബ കാംബെരെ മുയിസ അറിയിച്ചു.
കൃത്യമായ മരണസംഖ്യ ഇപ്പോഴും വ്യക്തമല്ല. ഇരുന്നൂറിലധികം പേർ ഇതിനോടകം മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേർ ഇപ്പോഴും തകർന്ന ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മണ്ണിനടിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും പ്രതികൂല സാഹചര്യങ്ങൾ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. പരിക്കേറ്റ ഒട്ടേറെ പേരെ പട്ടണത്തിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിലായി പ്രവേശിപ്പിച്ചു.
















