ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ രണ്ടാമത് യോഗം ഡൽഹിയിൽ ചേർന്നു. ഇരു കക്ഷികൾക്കുമിടയിലെ സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേർന്നത്. യോഗത്തിനു മുന്നോടിയായി പലസ്തീൻ ജനതയ്ക്കുള്ള ഇന്ത്യയുടെ പിന്തുണ അറബ് രാജ്യങ്ങളിലെ പ്രതിനിധികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. 10 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ അറബ് വിദേശകാര്യ മന്ത്രിമാരുടെ രണ്ടാം യോഗം നടന്നത്.
അറബ് ലീഗ് അംഗരാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും അറബ് ലീഗിന്റെ സെക്രട്ടറി ജനറലും മറ്റ് പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത്. യോഗം ചേരുന്നതിന് മുന്നോടിയായി അറബ് വിദേശകാര്യ മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഗസ്സ സമാധാന പദ്ധതി ഉൾപ്പെടെ നടന്നുകൊണ്ടിരിക്കുന്ന സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞവർഷം പശ്ചിമേഷ്യയിലും മിഡിൽ ഈസ്റ്റിലും നാടകീയമായ മാറ്റം സംഭവിച്ചെന്ന് യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരതയെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും എസ് ജയ്ശങ്കർ. വ്യാപാര ഊർജ്ജ മേഖലകളിലെ സഹകരണത്തിനപ്പുറം ഇരുകക്ഷികൾക്കിടയിലെ രാഷ്ട്രീയ ഏകോപനം എന്ന ലക്ഷ്യം കൂടി ഇത്തവണത്തെ യോഗത്തിന് ഉണ്ട്. 2016 ൽ ബഹ്റൈനിലായിരുന്നു ആദ്യ ഇന്ത്യ അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേർന്നത്.
Story Highlights : India-Arab Foreign Ministers meet
















