തിരുവനന്തപുരത്തു സിവിൽ പോലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം എ.ആർ ക്യാമ്പിലെ സി.പി.ഒ അഖിലിനെയാണ് (27) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോവളം വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു ഈ ദാരുണമായ സംഭവം.
രണ്ടര വർഷം മുൻപ് പോലീസ് സേവനത്തിൽ പ്രവേശിച്ച അഖിൽ, വയനാട് സ്വദേശിനിയായ ഒരു യുവതിയുമായി സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഈ യുവതിയെ അവർ താമസിച്ചിരുന്ന വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ മരണവാർത്ത അഖിലിനെ മാനസികമായി തളർത്തിയതായാണ് വിവരം.
യുവതിയുടെ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ അഖിൽ, അവിടെ മൃതദേഹം കണ്ടതിനുശേഷം അതീവ ദുഃഖിതനായാണ് വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലെത്തിയ ശേഷം ക്യാമ്പിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങിയെങ്കിലും ഒരു മണിക്കൂറിനുള്ളിൽ തന്നെ തിരിച്ചെത്തി. മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി മാതാവ് കാര്യം തിരക്കിയെങ്കിലും കൃത്യമായ മറുപടി നൽകാൻ അഖിൽ തയ്യാറായില്ല.
ജീവിതം അവസാനിപ്പിക്കുന്നതിന് മുൻപ് സാമ്പത്തികമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അഖിൽ കൃത്യമായ ബോധ്യം പുലർത്തിയിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ. താൻ വാങ്ങിയ കാറിനെക്കുറിച്ചും പോസ്റ്റ് ഓഫീസിലുള്ള സമ്പാദ്യത്തെക്കുറിച്ചുമുള്ള വിവരങ്ങൾ അഖിൽ രാത്രി വൈകി സുഹൃത്തിന് വാട്സാപ്പിൽ സന്ദേശമായി അയച്ചിരുന്നു. പുലർച്ചെ രണ്ടേകാലോടെ ഈ സന്ദേശം അയച്ച ശേഷമാകാം അഖിൽ ജീവനൊടുക്കിയത് എന്നാണ് പോലീസ് നിഗമനം.
സംഭവത്തിൽ കോവളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഖിലിന്റെ ഫോൺ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.
















