ഓൺലൈൻ ചൂതാട്ടത്തിലൂടെ പണം നഷ്ടപ്പെടുത്തിയതിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് ക്രൂരമായ കൊലപാതകത്തിൽ. ഉത്തർപ്രദേശിലെ ബറേലിയിൽ ഭർത്താവിനെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച ഭാര്യയും ഇവരുടെ മാതാപിതാക്കളും പോലീസിന്റെ പിടിയിലായി. ജനുവരി 26-ന് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ജിതേന്ദ്ര യാദവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിയുകയായിരുന്നു.
രണ്ടുമാസം മുമ്പ് മാത്രം വിവാഹിതരായ ജിതേന്ദ്രയും ജ്യോതിയും തമ്മിൽ വലിയ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ജിതേന്ദ്ര ഓൺലൈൻ ചൂതാട്ടത്തിന് അടിമയായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവദിവസം ചൂതാട്ടത്തിലൂടെ 20,000 രൂപ ജിതേന്ദ്രയ്ക്ക് നഷ്ടമായി. ഇതിനെച്ചൊല്ലി ദമ്പതികൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാവുകയും പ്രകോപിതയായ ജ്യോതി ജിതേന്ദ്രയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.
കൊലപാതകത്തിന് ശേഷം പരിഭ്രാന്തയായ ജ്യോതി തന്റെ അച്ഛൻ കാളി ചരണിനെയും അമ്മ ചമേലിയെയും വിവരം അറിയിച്ചു. മകളെ നിയമനടപടികളിൽ നിന്ന് രക്ഷിക്കാൻ മാതാപിതാക്കൾ ഉടൻ സ്ഥലത്തെത്തുകയും മൂവരും ചേർന്ന് ജിതേന്ദ്രയുടെ മൃതദേഹം ഫാനിൽ കെട്ടിത്തൂക്കുകയും ചെയ്തു. ജിതേന്ദ്ര ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാരെയും പോലീസിനെയും വിശ്വസിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം.
തുടക്കത്തിൽ ആത്മഹത്യയായി കരുതിയ കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് നിർണ്ണായകമായത്. ജിതേന്ദ്രയുടെ കഴുത്തിലെ പാടുകളും മരണകാരണവും തൂങ്ങിമരണത്തിന്റേതല്ലെന്ന് കണ്ടെത്തിയതോടെ പോലീസ് ഭാര്യ ജ്യോതിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തിൽ ജ്യോതിയെയും തെളിവ് നശിപ്പിക്കാൻ സഹായിച്ച അച്ഛൻ കാളി ചരൺ, അമ്മ ചമേലി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
















