ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി ഇന്ന് നിർണായക തീരുമാനമെടുത്തേക്കും.
ഡി.കെ. മുരളി നൽകിയ പരാതി പരിഗണിക്കുന്ന കമ്മിറ്റി, പരാതിക്കാരന്റെയും രാഹുലിന്റെയും വാദങ്ങൾ കേട്ട ശേഷമാകും അന്തിമ നിലപാട് സ്വീകരിക്കുക. കേസുകളിൽ നിരന്തരം ഉൾപ്പെടുന്ന പശ്ചാത്തലത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്നാണ് ആവശ്യം.
രാഹുലിനെതിരായ പരാതി സ്പീക്കർ കമ്മിറ്റിക്ക് കൈമാറിയ സാഹചര്യത്തിൽ, നിയമസഭയുടെ പെരുമാറ്റച്ചട്ടങ്ങൾ പ്രകാരം സഭയ്ക്ക് അയോഗ്യതാ നടപടികളുമായി മുന്നോട്ട് പോകാൻ അധികാരമുണ്ട്. സർക്കാരിന്റെ ഈ നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് തീരുമാനം.
നേരത്തെ സമാനമായ കേസുകളിൽ ഉൾപ്പെട്ട മറ്റ് എംഎൽഎമാരുടെ സാഹചര്യം ചൂണ്ടിക്കാട്ടി പ്രതിരോധം തീർക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. രാഹുൽ രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെടുമ്പോഴും, അയോഗ്യത സംബന്ധിച്ച കാര്യത്തിൽ ഭരണപക്ഷം നയപരമായ ചർച്ചകൾ തുടരുകയാണ്.
















