കൊല്ലം കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ്. നായരാണ് പരാതി നല്‍കിയത്.
ഇന്ന് രാവിലെ സിന്ധു സ്കൂളിൽ ചുരിദാർ ധരിച്ചായിരുന്നു എത്തിയത്. എന്നാൽ സ്കൂൾ മാനേജർ പറഞ്ഞത് അനുസരിച്ചു സെക്യൂരിറ്റി അധ്യാപികയെ തടയുകയും സ്കൂളിനുള്ളിലേക്ക് കടക്കാതിരിക്കാൻ ഗേറ്റ് പൂട്ടുകയും ചെയ്തു.
ഇതേ തുടർന്ന് അധ്യാപിക ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചു ഇരിക്കുകയും പോലീസ് സ്ഥലത്തെത്തി ഗേറ്റ് തുറന്ന് അധ്യാപിക സ്കൂളിൽ കയറുകയുമായിരുന്നു. സ്കൂളിൽ പല അധ്യാപികർക്കും ഇത്തരത്തിൽ അനുഭവം ഉണ്ടായിട്ടുണ്ടെന്നും നേരത്തെ താൻ ചുരിദാർ ധരിച്ചപ്പോൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വസ്ത്രധാരണത്തെ കുറിച്ചു സംസാരം ഉണ്ടായിട്ടുണ്ടെന്നും സിന്ധു അറിയിച്ചു.
സ്കൂളിൽ സാരിക്കു പുറമേ ചുരിദാർ ധരിച്ചെത്താൻ അധ്യാപികമാർക്ക് അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവ് വർഷങ്ങൾക്കു മുൻപേ കേരള സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 2008 ഫെബ്രുവരി 4 നാണ് ഇതുസംബന്ധിച്ച ഉത്തരവ് ആദ്യം പുറത്തിറങ്ങിയത്.
















