മണിപ്പുരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടുത്ത മുഖ്യമന്ത്രിയായി ബിജെപി നേതാവായ യുംനം ഖേംചന്ദ് സിങ് ഉടൻ അധികാരമേൽക്കും. കുക്കി വിഭാഗത്തിൽനിന്നുള്ള വനിതാ നേതാവും മുൻ മന്ത്രിയുമായ നെംചാ കിപ്ജെൻ ആകും പുതിയ ഉപമുഖ്യമന്ത്രി.
ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിക്കുന്നത്. ഇതോടെയാണ് പുതിയ സർക്കാർ അധികാരമേൽക്കുന്നത്. കഴിഞ്ഞദിവസം ഡൽഹിയിൽചേർന്ന യോഗത്തിലാണ് ഖേംചന്ദ് സിങ്ങിനെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. പിനീട് ഖേംചന്ദ് സിങ് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി ഗവർണറെ കണ്ടിരുന്നു.
വംശീയ കലാപങ്ങളെത്തുടർന്ന് 2025 ഫെബ്രുവരി 9-നാണ് മണിപ്പുർ മുഖ്യമന്ത്രിയായിരുന്ന എൻ. ബിരേൻസിങ് രാജിവെച്ചത്. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല. ഇന്ന് രഹസ്ട്രപതി ഭരണം അവസാനിപ്പിക്കുകയായിരുന്നു
















