കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ എയിംസ് (AIIMS) പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ പിന്തുണയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. സുരേഷ് ഗോപി ‘മറ്റേ മോനെ’ എന്നല്ല, മറിച്ച് ‘പൊന്നു മോനെ’ എന്നാണ് വിളിച്ചതെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് ശോഭ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസംഗം താൻ നേരിട്ട് കേട്ടിട്ടില്ലെങ്കിലും, വാക്കുകളിലല്ല മറിച്ച് അദ്ദേഹത്തിന്റെ പ്രവൃത്തികളിലാണ് ശ്രദ്ധിക്കേണ്ടതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
എത്രയോ പാവപ്പെട്ടവരെ സഹായിക്കുന്ന വലിയൊരു മനസ്സുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് ശോഭ ഓർമ്മിപ്പിച്ചു. രാഷ്ട്രീയക്കാർക്ക് വേണ്ട കൃത്യതയോടെയും ശൈലിയിലും സംസാരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടോ എന്ന് പറയേണ്ടത് മറ്റുള്ളവരാണ്. എന്നാൽ അദ്ദേഹത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ ആർക്കും തള്ളിക്കളയാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്ര ബജറ്റിനെക്കുറിച്ചും സംസ്ഥാനത്തെ വികസനത്തെക്കുറിച്ചും ശോഭാ സുരേന്ദ്രൻ സംസാരിച്ചു. കേരളത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച് വോട്ട് പിടിക്കാനായിരുന്നെങ്കിൽ കേന്ദ്രത്തിന് ബജറ്റിൽ നടപ്പാക്കാൻ കഴിയാത്ത പല വാഗ്ദാനങ്ങളും നൽകാമായിരുന്നു. എന്നാൽ ബജറ്റിൽ പറയാത്ത പല കാര്യങ്ങളുമാണ് നരേന്ദ്ര മോദി കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വികസന കാര്യങ്ങളിൽ ഇനിയും സമയം വൈകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ പാത പദ്ധതിയെക്കുറിച്ചും അവർ പരാമർശിച്ചു. കേരളത്തിന്റെ വികസനത്തിന് ഈ പദ്ധതി അത്യാവശ്യമാണെന്നും എല്ലാവരും ഒന്നിച്ച് നിന്ന് ഇത് നേടിയെടുക്കാൻ ശ്രമിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു. അതേസമയം, പി.പി. ദിവ്യ ബിജെപിയിലേക്ക് വരുന്നു എന്ന പ്രചാരണം ശരിയല്ലെന്നും, സിപിഎമ്മിന് അവരെ വേണ്ടാത്തതുകൊണ്ടാണ് ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.
















