പുതിയ ആണവ ഉടമ്പടിക്ക് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയുമായുണ്ടായിരുന്ന ‘ന്യൂ സ്റ്റാർട്ട്’ ഉടമ്പടിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. ആധുനിക വൽക്കരിച്ചതും മെച്ചപ്പെട്ടതുമായ ഒരു പുതിയ ആണവ ഉടമ്പടി നമുക്ക് വേണം. നമ്മുടെ ആണവ വിദഗ്ധർ അതിൽ പ്രവർത്തിക്കണം എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
2010ലെ ന്യൂ സ്റ്റാർട്ട് ഉടമ്പടി നീട്ടണമെന്ന റഷ്യയുടെ ആവശ്യത്തോട് ട്രംപ് മൗനം പാലിച്ചു. യുഎസിന് സമ്മതമാണെങ്കിൽ പഴയ ഉടമ്പടി നീട്ടാൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
പുതിയ ഉടമ്പടിയിൽ ചൈനയെ ഭാഗമാക്കാനും ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്. ചൈനയുടെ ആയുധശേഖരം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ചൈനയെ ആണവായുദ്ധ പദ്ധതിയിൽ ഉൾപ്പെടുത്താൻ ട്രംപ് സമ്മർദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചൈന ഇതുവരെയും ഇക്കാര്യത്തിൽ നിലപാടെടുത്തിട്ടില്ല.
















