കേരളത്തിൽ വെച്ച് സിനിമ ചിത്രീകരണത്തിനിടെ നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി തെന്നിന്ത്യൻ നടി സായ് ധൻഷിക. ‘കാത്താഡി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവമാണ് ധന്‍ഷിക തുറന്നുപറഞ്ഞത്. മദ്യപിച്ച് ആരാധകൻ ഫോട്ടോ എടുക്കണം എന്ന ആവശ്യവുമായി വന്നു. നിരസിച്ചപ്പോൾ ആളെക്കൂട്ടി വന്ന് ബഹളം ഉണ്ടാക്കി, അതോടെ അയാൾക്ക് നല്ല രീതിയിൽ തല്ലുകൊടുത്താണ് പറഞ്ഞുവിട്ടതെന്നും നടി പറഞ്ഞു. തമിഴ് യുട്യൂബ് ചാനലായ ‘ഗലാട്ട പ്ലസിന്’ നല്‍കിയ അഭിമുഖത്തിലാണ് സായ് ധൻഷിക കേരളത്തിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയത്.
‘ഷൂട്ടിനിടെ തന്റെ കൂടെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ എന്റെ അങ്കിളും കെയർ ടേക്കറുമായ ആളിന് അടുത്തെത്തി. മദ്യപിച്ചെന്ന് മനസിലായപ്പോൾ അങ്കിൾ ആവശ്യം നിരസിച്ചു. ഉടനെ അയാൾ എന്റെ അങ്കിളിനെ അടിച്ചു. എന്നിട്ട് ഓടി. ഞാൻ അത് കാണുന്നുണ്ടായിരുന്നു. നോക്കിയപ്പോൾ അയാളുടെ കൂടെ ഏഴ് പേരുണ്ടായിരുന്നു. നേരെ ചെന്ന് എന്റെ ദേഷ്യം തീരും വരെ അവരെ അടിച്ചു. പത്ത് മിനിറ്റോളം നീണ്ടു നിന്നു. അതിന് ശേഷം നോക്കുമ്പോള്‍ എന്റെ ഒരു കൈയിൽ ഡയറക്ടറും മറ്റൊരു കൈയിൽ സംവിധായകനും പിടിച്ചിട്ടുണ്ടായിരുന്നു. അത്രയ്ക്കും ദേഷ്യം വന്നു അന്ന്. എന്റെ കൂടെ ഉള്ളവരെ ഉപദ്രവിച്ചാൽ നോക്കി നിൽക്കാൻ കഴിയില്ല’. സായ് ധൻഷിക പറഞ്ഞു. ദേഷ്യം വന്ന് ആരെയെങ്കിലും അടിച്ചിട്ടുണ്ടോ എന്ന ചോദ‌്യത്തിനായിരുന്നു സായ് ധൻഷികയുടെ മറുപടി.
നടൻ വിശാലുമായുള്ള വിവാഹം വൈകുന്നതിനുള്ള കാരണവും നടി വ്യക്തമാക്കി. നടികർ സംഘം ബിൽഡിങ്ങ് പണി പൂര്‍ത്തിയായ ശേഷമാകും വിവാഹമെന്നും സായ് ധൻഷിക പറഞ്ഞു. അഞ്ച് വർഷമായി വിശാലിന്റെ സ്വപ്നമാണ്. ആ സ്വപ്നത്തെ തടുക്കാൻ ആർക്കെങ്കിലും കഴിയുമോ എന്നും ധൻഷിക ചോദിച്ചു. നടി കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം യോഗി ഡായുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
















