മോഹൻലാലിനെ നായകനാക്കി ശ്രീനിവാസന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഉദയനാണ് താരം’. ഇന്ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ‘ഉദയനാണ് താരം’. എന്നാല്‍ ചിത്രത്തിന്‍റെ റീ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. മുന്‍കൂട്ടി അറിയിച്ചിരുന്ന റിലീസ് തീയതി ആയിരുന്നു ഇന്നത്തേത്. ഇതിന് മുന്നോടിയായി കാര്യമായി പ്രൊമോഷനും നടത്തിയിരുന്നു.
ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലടക്കം സിനിമയുടെ ബുക്കിംഗും ആരംഭിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ ബുക്ക് മൈ ഷോയില്‍ നിന്ന് ചിത്രം പിന്‍വലിക്കുകയാണ് ഉണ്ടായത്. ടിക്കറ്റ് ബുക്കിംഗില്‍ പ്രതികരണം ലഭിക്കാത്തതിനാലാണ് ചിത്രം മാറ്റിയതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ വസ്തുത അതല്ല. പല ഭാഷകളിലായി 12 ചിത്രങ്ങളാണ് ഇന്ന് തിയറ്ററുകളില്‍ എത്തുന്നത്. ഇന്നലെ ഇറങ്ങിയ ആശാനും ഷാരൂഖ് ഖാന്‍റെ ദേവ്‍ദാസ് റീ റിലീസും കൂടി ചേര്‍ത്ത് ആകെ 14 ചിത്രങ്ങള്‍. ഇതിനൊപ്പം എത്തിയാല്‍ ആവശ്യത്തിന് ഷോകള്‍ ലഭിക്കില്ല എന്നത് മനസിലാക്കിയാണ് ഉദയനാണ് താരത്തിന്‍റെ റീ റിലീസ് നീട്ടിയിരിക്കുന്നത്.
നേരത്തെ പൂര്‍ത്തിയാക്കിയിരുന്ന ചാര്‍ട്ടിംഗ് പ്രകാരം ചിത്രത്തിന് ഷോകളുടെ എണ്ണം വളരെ കുറവായിരുന്നു. അതില്‍ത്തന്നെ പ്രൈം ടൈം ഷോകള്‍ തീരെ ഉണ്ടായിരുന്നില്ല. പല സെന്‍ററുകളിലും ഒരു ഷോ ഒക്കെയാണ് ചിത്രത്തിന് ലഭിച്ചത്. ഇതോടെയാണ് രാത്രി വൈകി ചിത്രത്തിന്‍റെ റീ റിലീസ് നീട്ടാന്‍ തീരുമാനമായത് എന്ന് അറിയുന്നു. പുതിയ റീ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും. ഇന്ത്യന്‍ സിനിമയില്‍ പൊതുവെ വലിയ റിലീസുകള്‍ ഉണ്ടാവാത്ത മാസമാണ് ഫെബ്രുവരി. അതിനാല്‍ത്തന്നെ ഈ മാസം ചെറുചിത്രങ്ങള്‍ ധാരാളമായി എത്താറുമുണ്ട്.
















