33 മണിക്കൂർ നീണ്ട ഗതാഗത കുരുക്ക്, രക്ഷപ്പെടാൻ ഗത്യന്തരമില്ലാതെ ഹെലികോപ്റ്റർ വിളിച്ച് വ്യവസായി. മഹാരാഷ്ട്രയിലെ മുംബൈ-പുണെ എക്‌സ്പ്രസ് ഹൈവേയിലാണ് ഗതാഗത കുരുക്ക് 33 മണിക്കൂറിൽ ഏറെ അനുഭവപ്പെട്ടത്. വൈകാതെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലെല്ലാം വൈറൽ ആയി.
Lacs of people are stuck on the #Mumbai #Pune expressway for the last 18 hours for “one gas tanker “ . For such emergencies we need to plan exits at different points on expressway which can be opened to allow vehicles to return. Helipads cost less than Rs 10 lacs to make and… pic.twitter.com/u2EooiKjh3
— Dr. Sudhir Mehta (@sudhirmehtapune) February 4, 2026
ഗതാഗതക്കുരുക്ക് അവസാനമില്ലാതെ നീണ്ടതോടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് സുധീർ മേത്ത എന്നയാൾ കുരുക്കിൽ നിന്ന് രക്ഷപ്പെട്ടത്. പുണെ ആസ്ഥാനമായുള്ള വ്യവസായിയായ സുധീർ മേത്ത ഹെലികോപ്റ്റർ എത്തിച്ച് ലക്ഷ്യസ്ഥാനത്തേക്ക് യാത്രയാവുകയായിരുന്നു. മുംബൈയിൽ നിന്ന് പുണെയിലേക്കുള്ള യാത്രയിലാണ് അദ്ദേഹം ഗതാഗതക്കുരുക്കിൽ പെടുന്നത്. എട്ട് മണിക്കൂർ അദ്ദേഹം കുരുക്ക് അവസാനിക്കുന്നതിനായി കാത്തിരുന്നു. എന്നാൽ, യാതൊരു മാറ്റവും ഉണ്ടാകുന്നില്ലെന്ന് കണ്ടതോടെയാണ് മറ്റ് മാർഗങ്ങൾ ചിന്തിച്ചത്.
വൈകാതെ തന്നെ സിവിൽ ഏവിയേഷന്റെ ഹെലികോപ്റ്റർ കൺസെൾറ്റന്റും എയർ വെറ്റരനുമായ നിതിൻ വെൽഡെയെ ബന്ധപ്പെടുകയും ഹെലികോപ്റ്റർ എത്തിക്കുകയുമായിരുന്നു. തുടർന്ന് മേത്ത ഹെലികോപ്റ്റർ മാർഗം പുണെയിലേക്ക് തിരിക്കുകയായിരുന്നു. കിലോമീറ്ററുകളോളം നീളത്തിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നതിന്റെ ആകാശ ദൃശ്യങ്ങൾ അദ്ദേഹം ഹെലികോപ്റ്ററിൽ ഇരുന്ന് പകർത്തുകയും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമായിരുന്നു.
ഒരു ഗ്യാസ് ടാങ്കർ മൂലം 18 മണിക്കൂറിലേറയായി ലക്ഷക്കണക്കിന് ആളുകൾ മുംബൈ പുണെ എക്‌സ്പ്രസ് വേയിൽ കുടുങ്ങി കിടക്കുകയാണ്. ഇത്തരത്തിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ ആളുകൾക്ക് തിരിച്ചെങ്കിലും പോകുന്നതിനായി എക്‌സ്പ്രസ് വേയിൽ ചിലയിടത്തെങ്കിലും എക്‌സിറ്റ് പോയന്റുകൾ സ്ഥാപിക്കണം. ഒരു ഹെലിപാഡ് സ്ഥാപിക്കാൻ പത്തുലക്ഷം രൂപയും ഒരേക്കറിൽ താഴെ സ്ഥലവുമാണ് വേണ്ടത്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനായി ഹെലിപാഡുകളും അനിവാര്യമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
33 മണിക്കൂറിൽ അധികം നീണ്ട ഗതാഗതതടസ്സത്തിന് ശേഷം മുംബൈ-പുണെ അതിവേഗപാതയിലെ ഗതാഗതം വ്യാഴാഴ്ച പുലർച്ചെയാണ് പുനഃസ്ഥാപിച്ചത്. ഖണ്ഡാല ഘാട്ട് മേഖലയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞതിനെത്തുടർന്നാണ് ഗതാഗതതടസ്സം ഉണ്ടായത്. അപകടസ്ഥലത്തുനിന്ന് ടാങ്കർ നീക്കിയതോടെ മുംബൈയിലേക്കുള്ള ഗതാഗതം പുലർച്ചെ 1.46-ന് പുനരാരംഭിക്കാൻ അനുവദിച്ചെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (എം.എസ്.ആർ.ഡി.സി.) ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു.
















