നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ ശാസ്ത്രീയ പരിശോധനകളിലേക്ക് കടന്ന് പൊലീസ്. അപകടസമയത്ത് താരം മദ്യപിച്ചാണോ വാഹനം ഓടിച്ചിരുന്നതെന്ന കാര്യത്തിൽ വ്യക്തവരണമെങ്കിൽ വൈദ്യ പരിശോധനഫലം ലഭിക്കണം. മണിയൻപിള്ള രാജുവിന്‍റെ രക്തപരിശോധന ഫലം വരാൻ രണ്ട് ദിവസം കൂടി എടുക്കും. കൂടാതെ അപകടമുണ്ടായി 10 മണിക്കൂറിൽ അധികം കഴിഞ്ഞതിനാൽ കെമിക്കൽ അനാലിസിസ് അടക്കം നടത്താൻ പൊലീസ് ഒരുങ്ങുകയാണ്.
സംഭവത്തിൽ മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നതിൽ ഇന് മുതൽ അന്വേഷണം തുടങ്ങും. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. അപകടം നടന്ന വിവരം ലഭിച്ചതുമുതൽ പൊലീസ് നടത്തിയ നീക്കങ്ങളെല്ലാം പരിശോധിക്കും. സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് ട്രിവാൻഡ്രം ക്ലബ്ബിനു മുന്നിൽ വെച്ച് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനത്തിൽ ബൈക്ക് ഇടിക്കുകയും രാജു വാഹനം നിർത്താതെ പോകുകയും ചെയ്തത്. തുടർന്ന് കേസെടുത്ത മ്യൂസിയം പൊലീസ് രാജുവിനെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ രാത്രി പത്തുമണിയോടെയാണ് വാഹനാപകടം ഉണ്ടാകുന്നത്. മണിയൻപിള്ള രാജു ഓടിച്ച വോൾവോ കാർ ഇടിച്ച് യുവാക്കൾക്ക് പരുക്കേൽക്കുകയായിരുന്നു. ബൈക്ക് യാത്രികർ നിലത്ത് വീണു കിടക്കുന്നത് കണ്ടിട്ടും മണിയൻപിള്ള രാജു കാർ നിർത്താതെ പോയി.
കാറോടിച്ചത് മണിയൻപിള്ള രാജുവാണെന്നത് തുടക്കത്തിലെ തിരിച്ചറിഞ്ഞ പൊലീസും കേസ് എടുക്കാൻ തയ്യാറായില്ല. പിന്നീട് ഇന്നലെ രാവിലെയാണ് നടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. വാഹനം നിർത്താതെ പോയത് ഭയന്നിട്ടാണെന്നാണ് മണിയൻപിള്ള രാജുവിന്റെ വിശദീകരണം.
















